കടുവയെ നിരീക്ഷിക്കാന്‍ അഞ്ച് ലൈവ് സ്ട്രീമിങ് കാമറകള്‍
text_fieldsസുൽത്താൻ ബത്തേരി: കടുവ ഭീഷണി നിലനില്‍ക്കുന്ന ചീരാല്‍ പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി അഞ്ച് ലൈവ് സ്ട്രീമിങ് കാമറകള്‍ സ്ഥാപിക്കും. നിലവില്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള 28 സാധാരണ കാമറകള്‍ക്ക് പുറമെയാണ് ലൈവ് സ്ട്രീമിങ് കാമറകള്‍ സ്ഥാപിക്കുന്നത്.
കൂടുകളുടെ എണ്ണം കൂട്ടാനും ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുമായി സുല്‍ത്താന്‍ ബത്തേരി ഗജ ഐ.ബിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ കടുവകള്‍ പകല്‍ സമയം വസിക്കുന്ന ഇടങ്ങള്‍ നിരീക്ഷിക്കാനുള്ള ക്രമീകരണം ഒരുക്കും. കടുവഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ രാത്രി പട്രോളിങ് ശക്തമാക്കും.
ലഭ്യമാകുന്ന അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല ഭരണകൂടം നിർദേശം നല്‍കി. വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് തൊഴുത്ത് അടച്ചുറപ്പുള്ളതാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് പരിഗണിക്കും.
ഇതുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കൂടിയാലോചന നടത്തും. എ.ഡി.എം എന്‍.ഐ ഷാജു, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, തഹസില്‍ദാര്‍ വി.കെ ഷാജി, സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷറീഫ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റിവ് ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ്. രഞ്ജിത്കുമാര്‍, മുത്തങ്ങ റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി. സുനില്‍കുമാര്‍, പി.കെ. ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കടുവയുടെ ആക്രമണം: ശാശ്വത പരിഹാരം കാണണം -രാഹുൽ ഗാന്ധി എം.പി
കൽപറ്റ: വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിൽ തുടർച്ചയായ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നെന്മേനി പഞ്ചായത്തിലെ ചീരാലിലും, മീനങ്ങാടി, മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലും വളർത്തുമൃഗങ്ങൾ പതിവായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.
ദേശീയ പാതയോരത്ത് ജനവാസ മേഖലയാൽ ചുറ്റപ്പെട്ട ബീനാച്ചി എസ്റ്റേറ്റിൽ നിന്നും വൻകിട തോട്ടങ്ങളിൽ നിന്നുമാണ് വന്യമൃഗങ്ങളിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രത്തിലേക്കെത്തുന്നത്.
എസ്റ്റേറ്റിലെ അടിക്കാടുകളും പുല്ലും ഉടനടി വെട്ടിനീക്കാനും തോട്ടത്തിന് ചുറ്റും കുറഞ്ഞത് 15 അടി ഉയരത്തിൽ ശക്തമായ ഇരുമ്പ് വേലി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.