നടക്കാൻ പറ്റാതെ മീനങ്ങാടിയിലെ നടപ്പാത; അധികൃതർക്ക് നിസ്സംഗത
text_fieldsസുൽത്താൻ ബത്തേരി: നടപ്പാത എന്ന് പേരുണ്ടെങ്കിലും നടക്കാൻ പറ്റാത്ത രീതിയിലാണ് മീനങ്ങാടി ടൗണിലെ നടപ്പാത. പൊതുവേ വീതി കുറവാണ്. ഇതിനിടെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള സാധനങ്ങൾ റോഡരികിലേക്ക് ഇറക്കിവെക്കുന്നതോടെ കാൽനടക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. റോഡിനിരുവശങ്ങളിലും ഈ അവസ്ഥയുണ്ട്. നടപ്പാത കൈയേറുന്നതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാവുന്നില്ല.
അപ്പാട് റോഡിന് മുന്നിൽ മുതൽ പനമരം റോഡ് തുടങ്ങുന്ന ട്രാഫിക് ജങ്ഷൻ വരെ കാൽനടക്ക് വലിയ പ്രയാസമാണ്. റോഡിന്റെ ഇരുവശങ്ങളിലേയും നടപ്പാത കച്ചവടക്കാർ കൈയടക്കി സാധനങ്ങൾ വെക്കുകയാണ്. രാവിലെയും വൈകീട്ടും സ്കൂൾ വിദ്യാർഥികളുടെ തിരക്കാണിവിടെ. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും ചന്ത, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവരും നിരവധിയാണ്. എന്നിട്ടും കാൽനടക്കാർക്ക് സൗകര്യം ഒരുക്കുന്ന ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മുമ്പ് പൊലീസ് ഇതിനെതിരെ ചെറിയ നടപടി എടുത്തിരുന്നു. എം.എൽ.എ ഫണ്ടിലും മറ്റുമായി വൻ തുക മുടക്കിയാണ് ടൗണിൽ നടപ്പാത നിർമിച്ചത്. ടൈൽ പാകി, കൈവരികൾ സ്ഥാപിച്ചു. അടുത്തിടെ കൈവരികളിൽ ചെടിച്ചട്ടികൾ പിടിപ്പിച്ചു. അപ്പോഴും നടപ്പാതയുടെ യഥാർഥ ആവശ്യം അധികൃതർ മറന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗവും കോൺഗ്രസ് നേതാവുമായ ബേബി വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.