വാകേരിക്കടുത്ത് കടുവയെ അവശനിലയിൽ കണ്ടെത്തി
text_fieldsസുല്‍ത്താന്‍ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരിക്കടുത്ത് മാരമലയിൽ കടുവ ഇറങ്ങി. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കടുവ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കരിയാട് നാരായണന്റെ കാപ്പിത്തോട്ടത്തിലാണ് കണ്ടെത്തിയത്. പിന്നീട് കണ്ണിയത്ത് ജോസിന്റെ പറമ്പിലേക്ക് കയറി. വനം, പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കടുവയെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തിയത്.
കാലിന് പരിക്കേറ്റ കടുവക്ക് മൃഗങ്ങളെ ഓടിച്ച് ഇരപിടിക്കാനാവില്ലെന്ന് ഉറപ്പാണ്. കൂടാതെ പ്രായാധിക്യമുള്ളതായും പറയുന്നു. മയക്കുവെടിവെച്ച് പിടികൂടി ചികിത്സിക്കാനുള്ള സാധ്യതയും വനം വകുപ്പ് തേടുന്നുണ്ട്. അമ്പലവയൽ പഞ്ചായത്തിലെ മാങ്കൊമ്പ് മാഞ്ഞുപറമ്പിൽ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ട് ആടുകളെ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കടുവ കൊന്നുതിന്നു. അമ്പുകുത്തി കൊച്ചൻങ്കോട് വാക്കയിൽ പ്രഭാകരന്റെ വീട്ടിലെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെയും ആക്രമിച്ചു. അമ്പുകുത്തി അമ്പലത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങിയവർ രാത്രിയിൽ കടുവയെ കണ്ടതായും പറയുന്നുണ്ട്.
മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ മേഖലകളിൽ എത്തുന്ന കടുവയാണ് അമ്പലവയൽ പഞ്ചായത്തിലേക്ക് എത്തിയതെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം ബത്തേരി മുനിസിപ്പാലിറ്റിയിൽപ്പെട്ട പൂമല കരടിമൂലയിൽ കടുവ ആടുകളെ ആക്രമിച്ചിരുന്നു. കരടിമൂലയിൽ നിന്നും അമ്പലവയലിലെ അമ്പുകുത്തി ഭാഗത്തേക്ക് നീങ്ങാൻ എളുപ്പമാണ്. അമ്പുകുത്തിയിൽ ഒന്നിൽ കൂടുതൽ കടുവകളുണ്ടെന്ന സൂചന വനം വകുപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.