വയോജനങ്ങൾക്ക് സൗജന്യ ചായ പദ്ധതി പാളി
text_fieldsസുൽത്താൻ ബത്തേരി: ഓഫിസ് സംബന്ധമായ കാര്യങ്ങൾക്ക് സുൽത്താൻ ബത്തേരി നഗരസഭയിൽ എത്തുന്ന വയോജനങ്ങൾക്ക് സൗജന്യമായി ചായയും ലഘു കടിയും നൽകുന്ന പദ്ധതി പാളി. ഇതിനായി നിർമിച്ച കുടുംബശ്രീ കഫേ കെട്ടിടം ആഴ്ചകളായി അടഞ്ഞുകിടക്കുന്നു.
‘ഹാപ്പി ഹാപ്പി’ ബത്തേരിയുടെ ഭാഗമായാണ് വയോജനങ്ങൾക്ക് ചായയും കടിയും നൽകാൻ തീരുമാനിച്ചത്. ലക്ഷങ്ങൾ മുടക്കി നഗരസഭ ഓഫിസിനു മുന്നിൽ തന്നെ കെട്ടിടവും പണിതു. ഡിസംബർ ആദ്യ വാരമായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തിനുശേഷം രണ്ടാഴ്ചയോളമാണ് സ്ഥാപനം പ്രവർത്തിച്ചത്.
ഇതിനിടയിൽ നടത്തിപ്പു സംബന്ധിച്ച് മുനിസിപ്പാലിറ്റി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂപപ്പെടുകയായിരുന്നു. കുടുംബശ്രീ അംഗങ്ങളിൽ നിന്നുള്ളവരായിരുന്നു കഫേയിലെ ജീവനക്കാർ. ജീവനക്കാരെ തിരഞ്ഞെടുത്ത രീതി സംബന്ധിച്ച് മെംബർമാർക്കിടയിലെ അഭിപ്രായവ്യത്യാസമാണ് സ്ഥാപനം അടച്ചിടാൻ കാരണമായത്. മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമേ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയൂ. സുതാര്യമായ രീതിയിൽ അംഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഇതോടെ അവതാളത്തിലായത്.
ഉടൻ തുറക്കുമെന്ന് ചെയർമാൻ
സുൽത്താൻ ബത്തേരി: കഫേയിലേക്കായി പുതിയ ജീവനക്കാരെ കണ്ടെത്താനുള്ള ഒരുക്കം നടക്കുകയാണെന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറഞ്ഞു. കുടുംബശ്രീ വനിതകളെ ഗ്രൂപ് അടിസ്ഥാനത്തിൽ നടത്തിപ്പ് ചുമതല ഏൽപിക്കാനാണ് തീരുമാനം. തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച നടപടികൾ പുരോഗമിക്കുകയാണ്. ഒരാഴ്ചകൊണ്ട് വീണ്ടും തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.