യുക്രെയ്നിൽനിന്ന് പോളണ്ട് വഴി ഡൽഹിക്ക്; സാഹസിക യാത്രയുടെ അമ്പരപ്പ് മാറാതെ ആനന്ദ് ദയാൽ
text_fieldsസുൽത്താൻ ബത്തേരി: യുക്രെയ്നിലെ കാർകിവ് മെഡിക്കൽ സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥിയായ കൃഷ്ണഗിരി റാട്ടക്കുണ്ട് പടിക്കമാലിൽ ആനന്ദ് ദയാലിന് സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാഹസികയാത്രചെയ്ത അനുഭവം വിവരിക്കുമ്പോൾ ഭയം മാറുന്നില്ല.
മിസൈൽ, ഷെൽ ആക്രമണങ്ങളുടെ ഭയാനകമായ ശബ്ദം ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ടുന്ന കഷ്ടപ്പാട് ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുഭവിച്ചു തീർത്തതായി വാക്കുകളിൽനിന്നും വ്യക്തം. തിങ്കളാഴ്ച വെളുപ്പിനാണ് ആനന്ദ് കൃഷ്ണഗിരി റാട്ടക്കുണ്ടിലെ വീട്ടിൽ തിരിച്ചെത്തിയത്.
ഫെബ്രുവരി 24 മുതൽ മാർച്ച് ഒന്നുവരെയാണ് ആനന്ദ് ഉൾപ്പെടെ 32 വിദ്യാർഥികൾക്ക് കാർകിവിലെ ബങ്കറിനുള്ളിൽ കഴിയേണ്ടിവന്നത്. പുറത്ത് ബോംബ് വർഷത്തിന്‍റെ മുഴക്കം ഭൂമികുലുങ്ങുന്നതുപോലെയാണ്. തുടർച്ചയായി ഒരു മണിക്കൂർപോലും ഉറങ്ങാൻ പറ്റാത്ത സ്ഥിതി. ആഹാരവും പേരിനുമാത്രം. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. ഒന്നാം തീയതി ബങ്കർ തുറന്നതോടെ എങ്ങനെയും റെയിൽവേ സ്‌റ്റേഷനിൽ എത്തുക എന്നത് മാത്രമായി ലക്ഷ്യം.
ദൈവദൂതനെപ്പോലെ സന്നദ്ധപ്രവർത്തകനായ അബ്ദുൾ വഹാബ് കൊച്ചി സഹായത്തിനെത്തി. അദ്ദേഹത്തിന്‍റെ കാറിലും ടാക്സികളിലുമായി 32 പേരും റെയിൽവേ സ്‌റ്റേഷനിലെത്തി. രക്ഷപ്പെട്ടോടുന്ന യുക്രെയ്നികളുടെ തള്ളിച്ചയായിരുന്നു ട്രെയിനിൽ. റഷ്യൻഭാഷ വശമുള്ളതിനാൽ അധികാരികളെ കാര്യം പറഞ്ഞ് മനസ്സിലാക്കാനായി. മൈനസ് നാല് ഡിഗ്രി തണുപ്പിൽ 23 മണിക്കൂർ നിന്നാണ് യുക്രെയ്നിലെ പോളണ്ട് അതിർത്തിക്കടുത്തുവരെ എത്തിയത്.
ലിവൈവ് എന്ന ആ സ്ഥലത്ത് യുദ്ധം ബാധിച്ചിരുന്നില്ല. അതിനാൽ രണ്ടുദിവസം അവിടെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ടാക്സിയിൽ ഒരു മണിക്കൂർ കൂടി സഞ്ചരിച്ചാൽ മാത്രമേ പോളണ്ട് അതിർത്തി കടക്കാനാവൂ. ഇതിനിടയിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ ലിവൈവിൽ എത്തി. 200ഓളം പേരെ പോളണ്ടിലേക്ക് ടാക്സികളിൽ കയറ്റിവിട്ടതിനുശേഷമാണ് ആനന്ദും സുഹൃത്ത് നസറുദ്ദീനും പോളണ്ട് അതിർത്തിയിലേക്ക് പോകുന്നത്. അതിർത്തി കടന്നതോടെ എല്ലാം വേഗത്തിലായി.
പോളണ്ടിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്കും വിമാനയാത്ര. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ വിമാനയാത്ര സുഗമമാക്കി.
കാർകിവ് മെഡിക്കൽ യൂനിവേഴ്സിറ്റി കെട്ടിടത്തിന് കേടൊന്നും പറ്റിയിട്ടില്ല. അതിനാൽ ഇതുവരെയുള്ള പഠനത്തിന്‍റെ രേഖകളൊക്കെ അവിടെയുണ്ട്. ഇവിടത്തെ പ്ലസ് ടു വരെയുള്ള മാർക്ക് ലിസ്റ്റും അവിടെയാണ്. കേന്ദ്ര സർക്കാർ ഇടപെട്ടാൽ അഞ്ചു വർഷത്തെ മെഡിക്കൽ പഠനം പാഴാകില്ലെന്ന വിശ്വാസത്തിലാണ് ആനന്ദ്. ജനതാദൾ എസ് നേതാവ് പി.കെ. ബാബുവാണ് ആനന്ദിന്‍റെ പിതാവ്. മാതാവ് വത്സ. സഹോദരങ്ങൾ: അനുപ്രിയ (കാനഡ), ആഷർ ഇമ്മാനുവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.