കരുവള്ളിക്കുന്നിൽ മാലിന്യം കുന്നുകൂടുന്നു; പ്രദേശവാസികൾ ദുരിതത്തിൽ
text_fieldsസുൽത്താൻ ബത്തേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. മാലിന്യം യഥാസമയം സംസ്കരിക്കാത്തതും കയറ്റി കൊണ്ടുപോകാത്തതുമാണ് പ്രശ്നമാകുന്നത്. ഇതിനെതിരെ പ്രദേശവാസികൾ സമരം നടത്താനുള്ള ഒരുക്കത്തിലാണ്.
സുൽത്താൻ ബത്തേരി നഗരത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിലെത്തിക്കുന്നത്. ദിവസവും ഒരു ലോഡിൽ കുറയാതെ മാലിന്യം ഇവിടെ എത്തിക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഹരിതസേനയുടെയും മറ്റും നേതൃത്വത്തിൽ ഇവിടെയെത്തിക്കുന്ന മാലിന്യം വെറുതെ കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നാണ് തരംതിരിക്കുന്ന ജോലികൾ നടത്തുന്നത്. പ്ലാസ്റ്റിക്കുകൾ വേർതിരിച്ച് കയറ്റിയയക്കും. മാസങ്ങൾക്കു മുമ്പ് കൊണ്ടുവന്ന മാലിന്യവും കൂടി കിടക്കുകയാണ്. ഒറ്റനോട്ടത്തിൽ പ്ലാസ്റ്റിക്കുകൾ മാത്രമാണെന്ന് തോന്നുമെങ്കിലും ആഹാര അവശിഷ്ടങ്ങളും മറ്റും ഇതിലുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. അതിനാൽ കഴിഞ്ഞ കുറേ മാസങ്ങളായി പരിസരത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. കരിവള്ളികുന്ന് -കുപ്പാടി റോഡിലൂടെ പകൽ സമയത്ത് പോലും കാൽനടയാത്ര സാധ്യമല്ലാത്ത സ്ഥിതിയാണ്. സമീപത്തെ ആദിവാസി കോളനിയിലെ കുട്ടികൾ ജീവൻ പണയപ്പെടുത്തിയാണ് സ്കൂളിൽ പോകുന്നത്.
ആറേഴു വർഷം മുമ്പ് മാലിന്യ കേന്ദ്രത്തിൽ വിദേശ ടെക്നോളജിയിൽ മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. നഗരസഭ 75 ലക്ഷത്തോളം മുടക്കി ഒരു മതിൽ നിർമിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ജനവാസ കേന്ദ്രത്തിലെ 45 സെന്റ് സ്ഥലത്താണ് മാലിന്യ കേന്ദ്രം. പ്ലാന്റിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് തുടക്കം മുതൽ കരുവള്ളിക്കുന്നിലെ ജനം ആവശ്യപ്പെട്ടിരുന്നു. താൽക്കാലിക സംവിധാനം എന്ന നിലയിൽ മാലിന്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ തെരുവുനായ്ക്കൾ കയറാത്ത രീതിയിൽ നിർമിക്കണമെന്നാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.