സര്‍ക്കാർസേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മന്ത്രി എം.ബി. രാജേഷ്
text_fieldsസുൽത്താൻ ബത്തേരി: സര്‍ക്കാറിന്റെ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും ഇവ കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് പ്രാപ്യമാകുമ്പോഴാണ് നീതി പുലരുന്നതെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ്. ‘കരുതലും കൈത്താങ്ങും’ സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ഡോണ്‍ ബോസ്കോ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക അദാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്.
ജനങ്ങളുടെ പരാതികള്‍ക്ക് ഒരു വേദിയില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ വകുപ്പുതല സംവിധാനങ്ങളെല്ലാം അദാലത്ത് വേദിയില്‍ സജ്ജമാക്കുന്നു. നിയമപരമായി തീര്‍പ്പാക്കാന്‍ കഴിയുന്ന എല്ലാ പരാതികളും ഈ അദാലത്തില്‍ പരിഹരിക്കാനാകുമെന്ന് രാജേഷ് പറഞ്ഞു.
അദാലത്തില്‍ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച പുതാടി സ്വദേശി വിജയന്, ഷഹര്‍ബാന എന്നിവര്‍ക്കുള്ള കാര്‍ഡ് മന്ത്രി വിതരണം ചെയ്തു. മന്ത്രി വി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
മന്ത്രി എ.കെ ശശീന്ദ്രന് മുഖ്യാതിഥിയായിരുന്നു. കലക്ടര്‍ ഡോ. രേണുരാജ്, ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, ഡി.എഫ്.ഒ ഷജ്ന കരീം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരാതി കേട്ടും നിർദേശം നൽകിയും മന്ത്രിമാര്‍
സുൽത്താൻ ബത്തേരി: അദാലത്തിൽ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാന് എന്നിവർ പൊതുജനങ്ങളില്‍ നിന്നുള്ള പരാതി കേട്ടു. പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് കൗണ്ടറുകളില്‍ ഓരോ മന്ത്രിമാരും ജനങ്ങളുടെ പരാതികള്‍ പരിശോധിച്ചു.
പരാതി പരിഹാരത്തിനുള്ള നിർദേശങ്ങളും ഉടൻതന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. റേഷന്‍ കാര്‍ഡ് ലഭ്യമാകാത്തത് മുതല്‍ വിവിധ തരത്തിലുള്ള പരാതികളായിരുന്നു അദാലത്തില്‍ മന്ത്രിമാരുടെ പരിഗണനക്കായി വന്നത്.
കര്‍ഷകക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു സംബന്ധമായ വിഷയങ്ങളിലാണ് കൂടുതല്‍ പരാതി ലഭിച്ചത്. ഇവയില്‍ സൂഷ്മ പരിശോധന ആവശ്യമായവ ഒഴികെ ബാക്കി തത്സമയം പരിഹരിച്ചു.
തീർപ്പാക്കിയത് 232 പരാതികൾ
സുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള സുൽത്താൻ ബത്തേരി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 232 പരാതികൾ പരിഹരിച്ചു. ആകെ 335 പരാതികളാണ് ലഭിച്ചത്.
ഓൺലൈനായി ലഭിച്ച 232 പരാതികളിൽ 180 പേർ നേരിട്ട് ഹാജരായി. പുതുതായി 160 പരാതികൾ സ്വീകരിച്ചു. പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങൾക്കായി 21 കൗണ്ടറുകളാണ് വേദിയിൽ സജ്ജീകരിച്ചത്. മാനന്തവാടി താലൂക്ക്തല അദാലത്ത് ചൊവ്വ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ മാനന്തവാടി ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.