ഗവ. കോളജ്: സുൽത്താൻ ബത്തേരിയുടെ കാത്തിരിപ്പിന് വിരാമമില്ല
text_fieldsസുൽത്താൻ ബത്തേരി: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജെന്ന സുൽത്താൻ ബത്തേരിക്കാരുടെ ആവശ്യം സ്വപ്നമായി തുടരുന്നു. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോളജാണ് വർഷങ്ങൾ പിന്നിടുമ്പോഴും ഫയലിലുറങ്ങുന്നത്. ഇതിനായി സ്ഥലം എം.എൽ.എ ശ്രമിക്കുന്നുണ്ടെങ്കിലും സർക്കാർ മെല്ലെപ്പോക്കിലാണ്.
സ്വാശ്രയ കോളജുകളുടെ അതിപ്രസരം തടയുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ നിയോജകമണ്ഡലങ്ങളിലും കോളജുകൾ ആരംഭിക്കുമെന്ന് മുൻ സർക്കാർ പ്രഖ്യാപിച്ചത്. അതോടെ ബത്തേരിക്കും സാധ്യത തെളിഞ്ഞു. തുടർന്ന് സ്ഥല പരിശോധന നടന്നു. ബീനാച്ചി, കല്ലൂർ എന്നിവിടങ്ങളിലെ റവന്യൂ ഭൂമി പരിഗണനയിൽ വന്നു. കൃഷ്ണഗിരിയുടെ പേരും ഉയർന്നു. ഇതിനിടയിൽ നായ്ക്കട്ടിയിൽ താൽക്കാലിക കെട്ടിടവും കണ്ടെത്തി.
കോളജ് കഴിഞ്ഞ അധ്യയന വർഷമെങ്കിലും യാഥാർഥ്യമാകുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. ആർട്സ് ആൻഡ് സയൻസ് കോളജ് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പ്രകാരം മുമ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സുൽത്താൻ ബത്തേരിയിൽ എത്തിയിരുന്നു.
ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, ആവശ്യമായ കെട്ടിട സൗകര്യം നൽകുന്നവർ, അനുവദിക്കേണ്ട കോഴ്സുകളെക്കുറിച്ച് അവലോകനം നടത്തേണ്ടവർ, സ്ഥലം സംബന്ധിച്ച് നിർദേശം നൽകുന്ന റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരിച്ച സാമ്പത്തിക ബാധ്യതകളില്ലാതെ കോളജ് ആരംഭിക്കാൻ കഴിയുമെന്നും കോളജ് അത്യാവശ്യമാണെന്നുമുള്ള അനുകൂല റിപ്പോർട്ട് 2019 ഡിസംബർ അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിക്കപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് താലൂക്ക് വികസന സമിതി ഐക്യകണ്ഠേന പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്. ജില്ലയിൽ ഗവ. കോളജില്ലാത്ത ഏക നിയോജകമണ്ഡലമാണ് സുൽത്താൻ ബത്തേരി. ഗവ. കോളജിന് വേണ്ടി നിയമസഭയിൽ പലതവണ സബ്മിഷൻ ഉന്നയിക്കുകയും മുഖ്യമന്ത്രി, വകുപ്പ് മന്ത്രി അടക്കമുളള അധികാരികൾക്ക് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിവേദനങ്ങൾ നൽകുകയും ചെയ്തു.
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ സുൽത്താൻ ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് നിർമാണം, സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 30 കോടി അടങ്കൽ തുകയായി 100 രൂപ ടോക്കൺ അനുവദിച്ചതുമാണെന്ന് എം.എൽ.എ പറഞ്ഞു.
അടുത്തിടെയും എം.എൽ.എ വകുപ്പ് മന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. കോളജ് യാഥാർഥ്യമായാൽ നൂറുകണക്കിന് പട്ടികവർഗ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. ഹയർ സെക്കൻഡറി പഠനശേഷം സർക്കാർ കോളജുകളുടെ അഭാവത്തിൽ പഠനം നിർത്തുന്നവരുടെ എണ്ണം സുൽത്താൻ ബത്തേരി താലൂക്കിൽ ഏറെയാണ്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.