തോക്ക്, കൂട്, കാമറകൾ; കടുവ കാണാമറയത്ത്
text_fieldsസുൽത്താൻ ബത്തേരി: തോക്ക്, കൂട്, കാമറകളുമായി ഒരു മേഖല മുഴുവൻ കടുവക്കായി തിരച്ചിൽ നടത്തുമ്പോഴും 'വിരുതൻ കടുവ' കാണാമറയത്ത്. കൂട്ടിൽ കയറാത്ത കടുവയെ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ് ആവർത്തിക്കുമ്പോഴും വെടിവെക്കാൻ കടുവയെ കാണുന്നില്ലെന്നതാണ് യാഥാർഥ്യം.
സിറിഞ്ച് ഘടിപ്പിച്ച തോക്കുകളുമായി ഒരാഴ്ചയായി കടുവക്കായി പ്രത്യേക സംഘങ്ങൾ ചീരാൽ വില്ലേജിലെ വിവിധ ഭാഗങ്ങളിലൂടെ റോന്ത് ചുറ്റുന്നത്. മൂന്ന് കൂടുകളും 20ലേറെ കാമറകളും കടുവയെ കാത്തിരിക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ ചീരാൽ വില്ലേജിലെ വിവിധ ഭാഗങ്ങളിൽ എത്തുന്ന കടുവ നേരം വെളുക്കുമ്പോൾ തിരിച്ചു കാട്ടിലേക്ക് പോകുന്ന പതിവാണുള്ളത്. രണ്ടുദിവസമായി കടുവ എത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടിലെ പന്നിയെ ഭക്ഷിച്ചതാകാം കടുവ പുറത്തിറങ്ങാതിരിക്കാൻ കാരണമെന്ന് ചിലർ പറയുന്നു. കടുവക്കായി വനയോരത്താണ് കാര്യമായ തിരച്ചിൽ നടത്തുന്നത്. വളരെ കരുതിയാണ് വനപാലകരുടെ നീക്കങ്ങൾ. ഏതു നിമിഷവും കടുവയുടെ ആക്രമണം ഇവർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സാധാരണ യൂണിഫോമിലാണ് ഇവരുടെ സഞ്ചാരം. മിക്കവർക്കും ഹെൽമെറ്റ് പോലുമില്ല. ആക്രമണം ഉണ്ടായാൽ ജീവാപായ സാധ്യതയുമുണ്ട്.
പടച്ചട്ടയണിഞ്ഞ് കാട്ടിൽ കയറിയാൽ മാത്രമേ ധൈര്യത്തോടെ കടുവക്കായി തിരച്ചിൽ നടത്താൻ കഴിയുവെന്നാണ് ബന്ധപ്പെട്ട വകുപ്പിലെ ചില ജീവനക്കാർ രഹസ്യമായി പറയുന്നത്. കൂട്ടമായി നീങ്ങുന്ന ധൈര്യമാണ് സംഘത്തിലെ ഓരോരുത്തർക്കും. അതേസമയം, കടുവ വിഷയത്തിൽ പ്രതിഷേധ സമരങ്ങൾക്ക് കുറവില്ല. ചൊവ്വാഴ്ച സർവകക്ഷി സമിതിയുടെ ഒപ്പുശേഖരണം തുടങ്ങും. സർക്കാറിന് ഭീമ ഹർജി സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.