ഹരികുമാറിന്റെ മരണത്തിൽ ആളിക്കത്തി പ്രതിഷേധം
text_fieldsസുൽത്താൻ ബത്തേരി: അമ്പലവയലിൽ കടുവ ചത്ത സംഭവത്തിൽ ദൃക്സാക്ഷിയായ ഹരികുമാർ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടത്തിയ സമരം കൊല്ലെഗൽ-കോഴിക്കോട് ദേശീയപാതയെ നിശ്ചലമാക്കി. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെയാണ് വാഹനഗതാഗതം തടസ്സപ്പെട്ടത്.
നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും പെരുവഴിയിലായിട്ടും പൊലീസ് സംയമനം പാലിച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. പൊലീസ് നടപടി ഉണ്ടായിരുന്നുവെങ്കിൽ പ്രശ്നം രൂക്ഷമാകാനായിരുന്നു സാധ്യത.
അമ്പലവയൽ, അമ്പുകുത്തി, പൊന്മുടികോട്ട ഭാഗത്തെ ആക്ഷൻ കമ്മിറ്റിയുടെ ആളുകളാണ് രാവിലെ സമരവുമായി ബത്തേരി അസംപ്ഷൻ ജങ്ഷഷനിലെത്തിയത്. ഇവർക്കിടയിൽ രാഷ്ട്രീയപാർട്ടികളും മറ്റ് സംഘടനകളും ചേർന്നതോടെ സമരം രൂക്ഷമാവുകയായിരുന്നു. പൊൻമുടിക്കോട്ടയിലെ കടുവ ശല്യവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കൽപറ്റയിൽ ഡി.എഫ്.ഒ ഓഫിസ് മാർച്ച് നടത്താനിരിക്കെയാണ് ഹരികുമാറിന്റെ മരണ വിവരമറിയുന്നത്.
ഇതോടെ പ്രതിഷേധം ആളികത്തി. തുടർന്ന് ഡി.എഫ്.ഒ ഓഫിസ് മാർച്ച് മാറ്റിവെച്ചുകൊണ്ട് സുൽത്താൻ ബത്തേരിയിൽ ദേശീയപാത ഉപരോധിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. റോഡ് ഉപരോധ സമരത്തെതുടർന്ന് ദേശീയ പാതയിൽ ബീനാച്ചി, മൈസൂരു റോഡിൽ മൂലങ്കാവ്, ഊട്ടി റോഡിൽ ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങളുടെ നിര നീണ്ടു.
ഇവിടങ്ങളിൽ നിന്നും അത്യാവശ്യമായി നഗരത്തിലെത്തേണ്ടവർ കിലോമീറ്ററുകൾ നടന്നു. ഡിവൈ.എസ്.പി ഓഫിസിൽ സമരം അവസാനിപ്പിക്കാൻ ചർച്ചക്കുള്ള ഒരുക്കം തുടങ്ങിയത് പത്തരയോടെയാണ്.ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും.
ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം തെളിഞ്ഞാൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ ആർ. ശ്രീലക്ഷ്മി ചർച്ചയിൽ ഉറപ്പ് നൽകി.
മരണപ്പെട്ട ആളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സമരക്കാർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ തലങ്ങളിൽ ആലോചിച്ചതിന് ശേഷം അർഹമായ നഷ്ടപരിഹാര തുക നൽകാമെന്ന് യോഗത്തിൽ തീരുമാനമായി.
പത്തു ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ വീണ്ടും സമരം പുനരാരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു. സമരം അവസാനിപ്പിച്ചത് സംബന്ധിച്ച് സമരത്തിൽ പങ്കെടുത്തവർ സമ്മിശ്ര പ്രതികരണമാണ് പിന്നീട് പങ്കുവെച്ചത്. കാര്യമായ തീരുമാനങ്ങൾ ഉണ്ടാകാതെയാണ് ദേശീയപാത ഉപരോധം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് പ്രതികരിച്ചു.
ചർച്ചയിൽ പങ്കെടുത്ത സി.പി.എം നേതാക്കൾ സമരക്കാരെ തെറ്റിദ്ധരിപ്പിച്ചു. ചർച്ചയിലെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
ചട്ടപ്പടി ഉറപ്പുകൾ; വനം വകുപ്പിനെതിരെ രോഷം
സുൽത്താൻ ബത്തേരി: ഹരികുമാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദേശീയപാത ഉപരോധസമരം അവസാനിപ്പിച്ചത് ചർച്ചയിലെ 'ചട്ടപ്പടി' തീരുമാനത്തിൽ. മരിച്ചയാളുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം വരെ തീരുമാനിക്കാൻ ചർച്ചയിലായില്ല.
എന്നാൽ, എന്തോ കാര്യമായ പരിഹാരം ഉണ്ടായ രീതിയിലാണ് പെട്ടെന്ന് സമരം പിൻവലിച്ചത്. തുടർന്ന് സമരക്കാർ പരസ്പരം കൊമ്പുകോർക്കുന്നതിനും ദേശീയപാത വേദിയായി. ചർച്ചയിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ലെന്നാരോപിച്ച് സമരത്തിലുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി.
എന്നാൽ, ഇടത് നേതാക്കളും പ്രവർത്തകരും പിരിഞ്ഞു പോകുകയും ചെയ്തു. പൊലീസ്, റവന്യൂ, വനം ഉദ്യോഗസ്ഥരോടൊപ്പം സി.പി.എം നേതാക്കളായ പി.ആർ. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ്, പി.കെ. സത്താർ, കെ.ജെ.ദേവസ്യ, കെ.കെ. പൗലോസ്, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ആക്ഷൻ കമ്മറ്റി ചെയർമാൻ യു.കെ.പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.
നഷ്ടപരിഹാരം ഉടൻ കൊടുക്കണം -വെൽഫെയർ പാർട്ടി
സുൽത്താൻ ബത്തേരി: വനപാലകരുടെ പീഡനം മൂലം ആത്മഹത്യ ചെയ്ത ഹരികുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കടുവയെ കണ്ടുവെന്ന സത്യം പറഞ്ഞതിന്റെ പേരിൽ ഹരികുമാറിനെ പീഡിപ്പിച്ച വനപാലകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണം.
വനാതിർത്തിയിൽനിന്നും കിലോമീറ്ററുകൾക്കപ്പുറം കടുവ ചത്തതിന്റെ പേരിൽ സ്ഥല ഉടമക്കെതിരെ കേസെടുത്തത് പിൻവലിക്കണം. ജില്ല പ്രസിഡന്റ് വി. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ, ട്രഷറർ സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ ബിനു വയനാട്, കെ.കെ.റഹീന, മണ്ഡലം പ്രസിഡന്റുമാരായ അബ്ദുറഹ്മാൻ തനിമ, കെ.എം.സാദിക്കലി, സെയ്ദ് കുടുവ, ഇബ്രാഹിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.