നല്ല ആരോഗ്യം ലക്ഷ്യം; ബത്തേരി ടൗൺ സ്ക്വയർ നവീകരിക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജിനടുത്ത ടൗൺ സ്ക്വയർ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഓപൺ പാർക്ക്, ജിം, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ എന്നിവ പുതുതായി സജ്ജീകരിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലാണ് ടൗൺ സ്ക്വയറിൽ ഓപൺ ജിം തുടങ്ങുന്നത്. ഇതോടൊപ്പം പാർക്കിലെത്തുന്ന കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങളും സജ്ജീകരിച്ചുകഴിഞ്ഞു.
ടൗൺ സ്ക്വയറിൽ കുട്ടികൾക്കായി നിലവിൽ സീസോയും ഊഞ്ഞാലും സ്ലൈഡും മാത്രമാണുള്ളത്. രണ്ടുകോടി രൂപ ചെലവിലാണ് ജിം, കളിയുപകരണങ്ങൾ എന്നിവ പുതുതായി സ്ഥാപിക്കുന്നത്. ഡബിൾ സൈഡ് ചെസ്റ്റ് പ്രസ് മെഷീൻ, ഔട്ട്ഡോർ എയർ വാക്കർ, ഡബിൾബാർ, സിറ്റ്അപ്പ് ബോർഡ്, ഔട്ട്ഡോർ റണ്ണിങ് മെഷീൻ, ഔട്ട് ഡോർ ജിം സ്പൈവാക്കർ, ഔട്ട്ഡോർ ഫിറ്റ്നസ് എന്നിവയാണ് ആരോഗ്യ സംരക്ഷണത്തിനായി എത്തിച്ചിട്ടുള്ളത്. ഓപൺ ജിം പുലർച്ച മുതൽ പ്രവർത്തിപ്പിക്കാനാണ് നീക്കം.
നിലവിലുള്ള ടിക്കറ്റിന് പുറമെ ജിമ്മിന് സീസൺ ടിക്കറ്റ് ഏർപ്പെടുത്തും. പാർക്കിൽ നിലവിലുള്ള കുളം നവീകരിച്ച് കുട്ടികൾക്ക് ബോട്ട് സവാരി നടത്തുന്നതിനുവേണ്ട സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. പാർക്കിലുള്ള മരങ്ങളിൽ ചിലത് അപകടകരമായ നിലയിലാണ്. അനുമതി കിട്ടുന്നമുറക്ക് അവ മുറിച്ചുമാറ്റി കുട്ടികളുടെ കളിസ്ഥലം വിപുലീകരിക്കും. നവീകരണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനുശേഷം ഉദ്ഘാടനം നടത്തും. പുതുതായി തുറക്കുമ്പോൾ കഫറ്റീരിയയും സജ്ജമാകും.
പാർക്കിൽ വിനോദത്തിന് വേണ്ട സൗകര്യങ്ങൾ കുറവാണെന്ന പരാതിയെത്തുടർന്നാണ് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാൻ ഡി.ടി.പി.സി തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.