പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തോന്നിയ നിരക്ക്; മാലിന്യമില്ലെങ്കിലും വരിസംഖ്യ നൽകണം
text_fieldsസുൽത്താൻ ബത്തേരി: വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് നീക്കത്തിന് 50 രൂപ വീതം ഈടാക്കുന്നത് ജനത്തിന് അധിക ബാധ്യതയാകുന്നതായി ആക്ഷേപം. ഹരിത കർമസേന മുഖേനയാണ് തദ്ദേശ സ്ഥാപനങ്ങൾ മാസാമാസം വാർഡ് തലത്തിൽ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്.
കുറഞ്ഞത് 50 രൂപയാണ് ഓരോ വീട്ടുകാരും കൊടുക്കേണ്ടത്. പ്ലാസ്റ്റിക് ഇല്ലെങ്കിലും വരിസംഖ്യ കൊടുക്കണമെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ ശാഠ്യം പാവപ്പെട്ട നിരവധി കുടുംബങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നു.
വീടുകളിലെയും സ്ഥാപനങ്ങളിലെയും വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കംചെയ്യുന്നതിനാണ് മാസംതോറും 50 രൂപ വരിസംഖ്യ ഈടാക്കുന്നത്. ശുചിയാക്കിവെച്ചിട്ടുള്ള പ്ലാസ്റ്റിക് സംഭരിക്കുകയാണ് ഹരിത കർമസേനാംഗങ്ങൾ ചെയ്യുന്നത്. മാലിന്യനീക്കത്തിന്‍റെ ചെലവ് കണ്ടെത്താനാണ് വരിസംഖ്യ ഈടാക്കുന്നത്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് വസ്തുക്കളായാലും ഒന്നും നൽകാനില്ലെങ്കിലും 50 രൂപ നിർബന്ധമായി വാങ്ങുന്നതാണ് എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്.
അടുത്തടുത്ത് വീടുകളുള്ള ഗ്രാമപ്രദേശങ്ങളിൽപോലും വാഹനമെത്തുന്ന വഴികളുള്ളപ്പോൾ മാലിന്യനീക്കത്തിന് താരതമ്യേന കുറഞ്ഞ ചെലവേ ഉണ്ടാകൂ. എന്നാൽ, അതൊന്നും തദ്ദേശസ്ഥാപനങ്ങൾ പരിഗണിക്കുന്നില്ല. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുമ്പോൾ 50 രൂപ തോതിൽ ഈടാക്കാൻ സംസ്ഥാന സർക്കാറിന്‍റെ ഉത്തരവുണ്ടെന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ഭരണനേതൃസ്ഥാനങ്ങളിലുള്ളവർ പറഞ്ഞു. വർഷം ഒരു വീട്ടിൽനിന്ന് 600 രൂപ ഈടാക്കുകയാണ് ലക്ഷ്യം. ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് 50 രൂപ കൊടുക്കേണ്ടതില്ല.
അതേസമയം, മീനങ്ങാടി പഞ്ചായത്ത് ഭരണസമിതി 50 എന്നതിൽ അൽപം ഇളവ് വരുത്തിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് 100 രൂപയാണ് മീനങ്ങാടിയിലെ പ്ലാസ്റ്റിക് ശേഖരണത്തിന് ഓരോ വീട്ടുകാരും ഇപ്പോൾ കൊടുക്കേണ്ടത്. വർഷം 600 എന്നത് ഇവിടെ 400 ആകുന്നു.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ 70 രൂപയാണ് ഈടാക്കുന്നത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചുള്ള സംസ്ഥാന സർക്കാറിന്‍റെ പുതിയ ഉത്തരവനുസരിച്ചാണ് ഈ തുക ഈടാക്കുന്നതെന്ന് സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേഷ് പറഞ്ഞു.
ഒരു മാസംകൊണ്ട് വീടുകളിലെ ചാക്ക് നിറയില്ല. അതിനാൽ രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോഴാണ് വീടുകളിൽനിന്ന് പ്ലാസ്റ്റിക് സ്വീകരിക്കുക. അങ്ങനെ സ്വീകരിക്കുമ്പോഴും 70 രൂപ മാത്രമേ ഈടാക്കുന്നുള്ളൂവെന്നും ചെയർമാൻ വ്യക്തമാക്കി.
പൂതാടി പഞ്ചായത്ത് 17ാം വാർഡിൽ കഴിഞ്ഞ ദിവസം 100 രൂപ തോതിലാണ് പ്ലാസ്റ്റിക് ശേഖരണത്തിന് ഈടാക്കിയത്. ആദ്യതവണ ആയതുകൊണ്ടാണ് ഇത്രയും തുകയെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. നൂൽപുഴയിൽ 50 രൂപയാണ് ഈടാക്കുന്നത്. നെന്മേനി പഞ്ചായത്തിൽ 50 രൂപ എന്നത് പകുതിയാക്കി കുറക്കാനുള്ള ആലോചനയിലാണ് ഭരണസമിതിയെന്ന് വൈസ് പ്രസിഡന്‍റ് റ്റിജി ചെറുതോട്ടിൽ പറഞ്ഞു.
അടുത്ത ഭരണസമിതിയിൽ ഇത് ചർച്ചചെയ്യും. മുമ്പ് 20 ആയിരുന്നു. കൂട്ടിയതോടെ ആക്ഷേപങ്ങൾ ഏറെയുണ്ടായി. സാധാരണ ജനത്തിന്‍റെ അധിക ബാധ്യത ഒഴിവാക്കുകയാണ് കുറക്കാനുള്ള ആലോചനക്കു പിന്നിലെന്നും നെന്മേനി വൈസ് പ്രസിഡന്‍റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.