ബത്തേരി അർബൻ ബാങ്ക് റിപ്പോർട്ട് എങ്ങനെ ചോർന്നു? തലപുകച്ച് നേതാക്കൾ
text_fieldsസുൽത്താൻ ബത്തേരി: കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി കോഓപറേറ്റിവ് അർബൻ ബാങ്കിലെ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദം കത്തിക്കയറുന്നു.ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്നതാണ് കോൺഗ്രസിലെ ചർച്ച വിഷയം. റിപ്പോർട്ട് ചോർന്നതിൽ ക്ഷുഭിതനായ കെ.പി.സി.സി അംഗം പി.വി. ബാലചന്ദ്രൻ മുൻ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണനെതിരെ വലിയ ആരോപണങ്ങളാണ് ബുധനാഴ്ച ഉന്നയിച്ചത്.
അതേസമയം, റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് എത്തിച്ച ആളെ അറിയാമെന്ന് അന്വേഷണ സമിതിയംഗവും ഡി.സി.സി സെക്രട്ടറിയുമായ ഡി.പി. രാജശേഖരൻ പറഞ്ഞു. ബാങ്കിൽ ഏതാനും മാസംമുമ്പ് നടന്ന ആറ് നിയമനങ്ങളിൽ കോടികളുടെ ഇടപാട് നടന്നുവെന്നുതന്നെയാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇക്കാര്യം അന്വേഷണ സമിതി റിപ്പോർട്ടിലുണ്ട്.
അന്വേഷണ സമിതി റിപ്പോർട്ട് കെ.പി.സി.സി പ്രസിഡൻറിന് കൊടുത്തതോടൊപ്പം പകർപ്പ് അന്നത്തെ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണനും കൊടുത്തു.വേറെ ആർക്കും റിപ്പോർട്ടിെൻറ കോപ്പി കൊടുത്തിട്ടില്ലെന്ന് അന്വേഷണ സമിതി അംഗങ്ങൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് കൈപ്പറ്റിയവരിൽനിന്നാണോ ചോർന്നതെന്ന കാര്യം ദുരൂഹതയുണ്ടാക്കുന്നു. റിപ്പോർട്ടിൽ മോശം പരാമർശമുള്ള നേതാക്കൾ അത് ലഭിച്ചാലും പുറത്തുവിടാനുള്ള സാധ്യതയില്ല. സ്വന്തക്കാർക്ക് നിയമനത്തിന് ബാങ്ക് അധികൃതരെ സമീപിച്ച നേതാക്കളും ഇക്കാര്യത്തിൽ സാഹസത്തിന് മുതിരില്ല.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കെ.പി.സി.സിയുടെ നടപടി നേരിട്ടവർക്ക് ചോർത്തുന്നതിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്ന അണികൾ കോൺഗ്രസിൽ ധാരാളമുണ്ട്. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കെ.പി.സി.സി അന്വേഷിക്കുന്നതായിട്ടാണ് വിവരം. കെ.പി.സി.സി പ്രസിഡൻറിെൻറ ഓഫിസിൽനിന്ന് ആരെങ്കിലും ചോർത്തിയതാണോ എന്നതും അന്വേഷണത്തിലുണ്ട്. തെളിവെടുപ്പ്, റിപ്പോർട്ട് തയാറാക്കൽ, അത് കെ.പി.സി.സിക്ക് എത്തിക്കൽ എന്നിവക്കിടയിലൊന്നും വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ പ്രസിഡൻറിെൻറ കർശന നിർദേശമുണ്ടായിരുന്നു.അതേസമയം, എം.എൽ.എക്കെതിരെയുള്ള സി.പി.എം പ്രചാരണത്തെ ഒറ്റക്കെട്ടായി നേരിടാൻ വ്യാഴാഴ്ച സുൽത്താൻ ബത്തേരിയിൽ ഒത്തുകൂടിയ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചു. കെ.പി.സി.സി ഉപസമിതിയുടെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച അംഗങ്ങൾ ജില്ലയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. റിപ്പോർട്ട് ചോർന്നത് ഉപസമിതി ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.