ബത്തേരിയിൽ എൽ.ഡി.എഫ് പദ്ധതി പാളി
text_fieldsസുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണന് ഹാട്രിക് വിജയം ഒരുക്കിക്കൊടുത്തത് സുൽത്താൻ ബത്തേരിയിലെ എൽ.ഡി.എഫ് തന്നെയാണ്. പരമ്പരാഗതമായ പാർട്ടി പ്രവർത്തകരെ തഴഞ്ഞ് എം.എസ്. വിശ്വനാഥനെ സ്ഥാനാർഥിയാക്കിയ നേതാക്കളുടെ അതിബുദ്ധി വോട്ടർമാർ തള്ളി. വിശ്വനാഥൻ സി.പി.എമ്മിലേക്ക് പോയപ്പോൾ അദ്ദേഹത്തോടൊപ്പം കോൺഗ്രസിലെ ഒരു പ്രവർത്തകൻപോലും പോയിട്ടില്ലെന്ന യു.ഡി.എഫ് വാദത്തിന് കരുത്തേകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
2016ൽ 11,198 ആയിരുന്നു ഐ.സിയുടെ ഭൂരിപക്ഷം. ഇപ്പോഴത് 11,822 ആയി. 624 വോട്ടുകൾ കൂടി. ഓരോ തവണയും ഭൂരിപക്ഷം കൂട്ടി ഐ.സി കരുത്തനാണെന്ന് തെളിയിച്ചിരിക്കുന്നു. വോട്ടെണ്ണലിെൻറ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് നിലനിർത്തിയാണ് വിജയിച്ചത്. വളരെ ചിട്ടയോടെയായിരുന്നു യു.ഡി.എഫിെൻറ പ്രചാരണം. ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തകരെ പ്രചാരണത്തിനിറക്കാൻ ഡി.സി.സി പ്രസിഡൻറ് കൂടിയായ സ്ഥാനാർഥിക്കായി. തുടർച്ചയായ 10 വർഷത്തെ മണ്ഡലത്തിലെ വികസനം പറഞ്ഞായിരുന്നു യു.ഡി.എഫ് വോട്ടുചോദിച്ചത്. അതിനായി സാമൂഹ മാധ്യമങ്ങളുൾപ്പെടെ ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി. ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ സുൽത്താൻ ബത്തേരി നഗരസഭയും അമ്പലവയൽ പഞ്ചായത്തും മാത്രമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചത്.
നൂൽപുഴ, മീനങ്ങാടി, പൂതാടി, നെന്മേനി, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ യു.ഡി.എഫ് നേടിയ മേൽക്കൈയുടെ വർധിച്ച ആത്മവിശ്വാസത്തിലായിരുന്നു ഐ.സി പ്രചാരണത്തിനിറങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തുടങ്ങിയ ഇടതിെൻറ പഞ്ചായത്തുകളിലെ കാലിടറൽ ഈ തെരഞ്ഞെടുപ്പിലും അവർത്തിച്ചു. 2011ൽ മാനന്തവാടി വാളാട് നിന്ന് ആദ്യമത്സരത്തിന് സുൽത്താൻ ബത്തേരിയിലെത്തുമ്പോൾ വോട്ടർമാരുമായി കൂടുതൽ ബന്ധങ്ങൾ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, 10 വർഷംകൊണ്ട് രാഷ്ട്രീയത്തിനതീതമായി ഐ.സി ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ ഈ വോട്ടെടുപ്പിൽ വലിയ രീതിയിൽ പ്രതിഫലിച്ചു. തുടർച്ചയായി രണ്ട് തവണ ഒരേ സ്ഥാനാർഥിയോട് തോറ്റ അനുഭവമുണ്ടായിരുന്നിട്ടും എൽ.ഡി.എഫ് അത് കാര്യമാക്കിയില്ലെന്ന് വേണം കരുതാൻ. സർക്കാറിെൻറ വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയതോടൊപ്പം മണ്ഡലത്തിലെ വികസനമുരടിപ്പും പറഞ്ഞാണ് എൽ.ഡി.എഫ് പ്രചാരണം നടത്തിയത്. അത്തരം പ്രചാരണത്തിലെ പൊരുത്തമില്ലായ്മ വോട്ടർമാർ തിരിച്ചറിഞ്ഞു.
ചിട്ടയായി പ്രചാരണം നടത്തിയിട്ടും വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ എൽ.ഡി.എഫ് നേതാക്കളുടെ ആത്മവിശ്വാസം കുറഞ്ഞിരുന്നു. ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തിയെന്ന അവരുടെ ആരോപണം അത് തെളിയിച്ചിരുന്നു. അവർ കരുതിയ പോലെ തന്നെ പരാജയമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.