കടുവയെ കണ്ടാൽ ഉടൻ മയക്കുവെടി വെക്കും -വൈൽഡ് ലൈഫ് വാർഡൻ
text_fieldsസുൽത്താൻ ബത്തേരി: ചീരാൽ വില്ലേജിലിറങ്ങിയ കടുവ കൂട്ടിൽ കയറാത്ത സാഹചര്യത്തിൽ കടുവയെ കണ്ടാൽ ഉടനെ മയക്കുവെടി വെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് അറിയിച്ചു.
ഇതിന് സജ്ജമായിട്ടാണ് മൂന്ന് സംഘങ്ങൾ തിരച്ചിൽ നടത്തുന്നത്. ഇതുവരെ നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറാ ട്രാപ്പുകൾക്ക് പുറമെ മൂന്ന് കാമറ ട്രാപ്പുകൾ കൂടി പ്രദേശത്ത് സ്ഥാപിച്ച് ആകെ 23 നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും അവ യഥാസമയം പരിശോധിച്ച് കടുവയുടെ സാന്നിധ്യം ഉണ്ടോയെന്ന് എല്ലാ ദിവസവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മൂന്ന് ടീമുകളായി രാത്രി എട്ടു മുതൽ പിറ്റേന്ന് രാവിലെ എട്ടുവരെ ജനവാസകേന്ദ്രങ്ങളിലുള്ള പട്രോളിങ് തുടരും.
പട്രോളിങ് സമയത്ത് കടുവയെ കണ്ടെത്തിയാൽ ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും പാൽ സൊസൈറ്റികൾ കേന്ദ്രീകരിച്ചും വിദ്യാർഥികൾക്ക് നിർദേശം നൽകിയും ആവശ്യമായ ബോധവത്കരണ പട്രോളിങ് ടീം നടത്തുന്നുണ്ട്.
കടുവയെ കണ്ടെത്തുന്നതിന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ടൈഗർ ട്രാക്കർമാർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം മൂന്ന് ടീമായി വനത്തിൽ ശക്തമായ തിരച്ചിൽ തുടരുന്നുണ്ട്.
കടുവയുടെ സഞ്ചാരപഥം കണ്ടെത്തി രൂപരേഖ തയാറാക്കി രാത്രികാല പട്രോളിങ് ടീമിന് കൈമാറിയിട്ടുണ്ട്. പ്രദേശത്ത് ഏറുമാടം സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി. ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിലവിൽ സ്വീകരിച്ചുവരുന്ന എല്ലാ പ്രവർത്തനങ്ങളും തുടരും .
യോഗത്തിൽ പാലക്കാട് വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. മുഹമ്മദ് ഷബാബ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ ജോസ് മാത്യു, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ്, അസി. വൈൽഡ് ലൈഫ് വാർഡന്മാരായ സുനിൽകുമാർ, രഞ്ജിത്ത് കുമാർ, തോട്ടാമൂല ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പി.പി. മുരളീധരൻ, ബയോളജിസ്റ്റ് വിഷ്ണു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.