എതിർ ശബ്ദങ്ങളെ പൂട്ടാനുറച്ച് നേതൃത്വം; ബത്തേരി ബി.ജെ.പി പുകയുന്നു
text_fields
സുൽത്താൻ ബത്തേരി: ബി.ജെ.പിയുടെ സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് പദവി രാജിവെച്ച് പ്രതിഷേധിച്ച കെ.ബി. മദൻലാലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ അറിയിച്ചതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ പുകയുന്നു. എതിർ ശബ്ദങ്ങളെ ശക്തമായി നേരിടുമെന്ന സൂചന കൊടുക്കുന്ന സംസ്ഥാന നേതൃത്വത്തിെൻറ രീതി സുൽത്താൻ ബത്തേരിയിലെ അണികളെ ആശയക്കുഴപ്പത്തിലാക്കി. അതേസമയം, നേതാക്കൾ രാജിവെച്ചാലും അണികളൊന്നും കൊഴിഞ്ഞുപോയിട്ടില്ലെന്ന് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ അവകാശപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ സി.കെ. ജാനുവിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതു മുതലുള്ള അസ്വാരസ്യങ്ങളാണ് സുൽത്താൻ ബത്തേരിയിലെ ബി.ജെ.പിയിൽ ഇപ്പോഴും തുടരുന്നത്. പ്രാദേശിക എതിർപ്പുകളെ അവഗണിച്ചാണ് സംസ്ഥാന നേതൃത്വം ജാനുവിനെ സ്ഥാനാർഥിയാക്കിയത്. വോട്ടിൽ വലിയ ചോർച്ചയുണ്ടായതും കോഴ ആരോപണങ്ങളും അതുവരെ നിശ്ശബ്ദരായിരുന്ന ഭാരവാഹികളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു.
യുവമോർച്ച നേതാവ് ദീപു പുത്തൻപുരയിൽ, ലിലിൽ കുമാർ എന്നിവർ അച്ചടക്ക നടപടികൾക്ക് വിധേയരായി. നിയോജക മണ്ഡലം പ്രസിഡൻറായിരുന്ന മദൻലാൽ ഉൾപ്പെടെയുള്ളവർ കോഴ ആരോപണങ്ങളിൽ അസ്വസ്ഥരായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ആരോപണ വിധേയരായ നേതാക്കൾക്കെതിരെ മാസങ്ങൾക്കുമുമ്പ് പരാതി കൊടുത്തിട്ടും സംസ്ഥാന നേതൃത്വം ഗൗനിച്ചില്ലെന്നും അതേ നേതാക്കൾക്ക് കൂടുതൽ സ്ഥാനങ്ങൾ കൊടുത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു കഴിഞ്ഞദിവസം മദൻലാൽ പറഞ്ഞത്. അതേസമയം, നിയോജക മണ്ഡലം കമ്മിറ്റിയിലെ സിനീഷ് വാകേരി, ശിവപ്രസാദ് മീനങ്ങാടി, ഇരുളത്തെ സ്മിത സജി എന്നിവർ രാജിവെച്ചിട്ടില്ലെന്ന വിവരവും ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും പുറത്തുവരുന്നുണ്ട്.
ബി.ജെ.പി എ ക്ലാസ് മണ്ഡലമായിട്ടാണ് സുൽത്താൻ ബത്തേരിയെ കണ്ടിരുന്നത്. അമിത് ഷാ പ്രചാരണത്തിനെത്തിയതും അതുകൊണ്ടാണ്. എന്നാൽ, 2016ലെ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിൽ നിന്നും പതിനായിരത്തിൽ കൂടുതൽ വോട്ടുകൾ ഇത്തവണ കുറഞ്ഞു. മുകളിൽനിന്നും ആവശ്യത്തിന് പണമെത്തിയിട്ടും പ്രചാരണത്തിന് പകിട്ട് ഉണ്ടായില്ലെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. പുതിയ ജില്ല പ്രസിഡൻറ് കെ.പി. മധു, പ്രശാന്ത് മലവയൽ തുടങ്ങിയവരായിരുന്നു സി.കെ. ജാനുവിെൻറ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. പുതിയ നടപടികളിൽ ഇവർ പാർട്ടിയിൽ കൂടുതൽ ശക്തരായതായി വേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.