ജലനിധി പദ്ധതി താളം തെറ്റി; ഓഫിസ് തുറക്കാനും നടപടിയില്ല
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പ്രവർത്തനം താളം തെറ്റിയിട്ടും പരിഹരിക്കാനുള്ള നടപടി വൈകുന്നതായി ആക്ഷേപം. പഞ്ചായത്തിലെ നൂറു കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടം ഓടേണ്ട സാഹചര്യമാണുള്ളത്. അതേസമയം, ഭരണകക്ഷിക്കെതിരെ പ്രതിപക്ഷം അഴിമതി ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. വാട്ടർ അതോറിറ്റിയിൽനിന്ന് വാങ്ങുന്ന വെള്ളം ജലനിധിയാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. രണ്ടായിരത്തിലേറെ കണക്ഷനുകളാണ് നിലവിൽ ജലനിധിക്കുള്ളത്. വാട്ടർ അതോറിറ്റിയിൽനിന്ന് വെള്ളം വാങ്ങിയതിന് ഒരു കോടി 80 ലക്ഷത്തോളം ജലനിധി വാട്ടർ അതോറിറ്റിക്ക് കൊടുക്കണം. പനമരം പുഴയിലെ വെള്ളം ചീങ്ങോട് വഴി അതിരാറ്റുകുന്നിലെ ടാങ്കിലെത്തിക്കുന്നത് വാട്ടർ അതോറിറ്റിയാണ്. അതിനുശേഷം ഇരുളത്തെ ടാങ്കിലേക്ക് മാറ്റും. കാശു കിട്ടാത്തതിനാൽ കൃത്യമായി വെള്ളം പമ്പ് ചെയ്യാൻ വാട്ടർ അതോറിറ്റി തയാറാവുന്നില്ലെന്ന് ആരോപണമുണ്ട്.
ഇരുളം, വട്ടത്താണി ടാങ്കുകളുടെ കീഴിലെ കുടിവെള്ള വിതരണം അവതാളത്തിലായി. പഞ്ചായത്ത് ഓഫിസിലെ ജലനിധിയുടെ ഓഫിസ് പൂട്ടിയതോടെ വാൽവ് ഓപറേറ്റർമാർ ഇല്ലാത്തതാണ് സാഹചര്യം വഷളക്കിയത്. ശമ്പളം പോലും കിട്ടാത്ത സാഹചര്യമുണ്ടായതോടെയാണ് ജീവനക്കാർ പിൻവാങ്ങുകയും മൂന്നുമാസം മുമ്പ് ഓഫിസ് പൂട്ടുകയും ചെയ്തത്. കൂടാതെ വിവിധ ഇടങ്ങളിലെ പൈപ്പ് തകരാർ പരിഹരിക്കാൻ കഴിയാത്തതും വെള്ളം വിതരണത്തെ ബാധിച്ചു. ഇരുളം ടാങ്കിന് കീഴിലെ മണൽവയൽ, കല്ലോടിക്കുന്ന്, എല്ലക്കൊല്ലി, വട്ടത്താനി ടാങ്കിന് കീഴിലെ കോളേരി, പാപ്ലശേരി, വെള്ളിമല, തൊപ്പിപ്പാറ, അതിരാറ്റ്കുന്ന് ടാങ്കിന് കീഴിലെ പൂതാടി, കേണിച്ചിറ എന്നിവിടങ്ങളിലൊക്കെ കുട്ടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പുകേടാണ് ജലനിധി പദ്ധതിയിൽ കുടിവെള്ളം നിലക്കാൻ കാരണമെന്ന് പൂതാടിയിലെ സി.പി.എം നേതാവും മുൻ പ്രസിഡന്റുമായ എ.വി. ജയൻ പറഞ്ഞു. സ്വന്തമായി മൂന്നു കോടിയിലേറെ രൂപയുടെ ഫണ്ടുണ്ടായിട്ടും അതൊന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ചെലവാക്കാതെ ഭരണകക്ഷി നേതാവ് പ്രസിഡന്റായ ബാങ്കിൽ നിക്ഷേപിക്കാനാണ് പഞ്ചായത്ത് ഭരണസമിതി തയാറായത്. ഭരണകക്ഷിയിൽ തന്നെയുള്ള ചേരിതിരിവ് ജനം സഹിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൂതാടിയിലെ പദ്ധതി പുൽപള്ളിയിലെ ജലനിധി പദ്ധതിക്കാരെ ഏൽപ്പിച്ചിരിക്കുകയാണെന്നും ഉടൻ വെള്ളം വിതരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ടെന്നും പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ പറഞ്ഞു. പ്രാരംഭ ചിലവുകൾക്കായി പഞ്ചായത്ത് തുക വകയിരുത്തായിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.