ഓട്ടോഡ്രൈവറിൽനിന്ന് കൊടുംകുറ്റവാളിയായി ജോസിന്റെ മാറ്റം
text_fieldsസുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം പുൽപാറയിൽ സീസി ജോസ് എന്ന പി.യു. ജോസഫ് കൊടുംകുറ്റവാളിയാകുന്നതിന് മുമ്പ് ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീട് അടവ് തെറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഫൈനാൻസ് സ്ഥാപനങ്ങളുടെ പ്രതിനിധിയായി. വാഹനങ്ങൾ പിടിച്ചെടുക്കുന്നതിൽ പേരെടുത്തതോടെ 'സീസി' ജോസെന്ന പേര് വീണു. അതിനുശേഷമാണ് ഹൈവേ കൊള്ളയിലേക്ക് തിരിഞ്ഞത്. കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതോടെ ആന്റി നാർകോട്ടിക് സെല്ലിെൻറ നിരീക്ഷണം ജോസിന് ചുറ്റുമുണ്ടായി.
വാഹനത്തിൽ ഹവാല പണവുമായി എത്തുന്നവരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘത്തിെൻറ തലവനായും ജോസ് മാറി. പടിഞ്ഞാറത്തറ, സുൽത്താൻ ബത്തേരി, കോഴിക്കോട്, തിരുനെല്ലി, കർണാടകയിലെ വേലൂർ പൊലീസ് സ്റ്റേഷനുകളിലും കുപ്പാടി ഫോറസ്റ്റ് ഓഫിസിലും ജോസിെൻറ പേരിൽ കേസുകളുണ്ട്. ആകെ19 ക്രൈം കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ടെങ്കിലും പൊലീസിന് പിടികൊടുക്കാതിരിക്കാൻ ബുദ്ധിപൂർവമായ നീക്കങ്ങളാണ് നടത്തിയത്. കേരളത്തിന് പുറമെ, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലൊക്കെ മാറിമാറി താമസിച്ചു.
ഫോൺ ലൊക്കേഷൻ കണ്ടെത്താൻ കഴിയാത്ത രീതിയിൽ സിംകാർഡുകൾ മാറ്റിക്കൊണ്ടിരുന്നു. പിടിയിലാകുമ്പോൾ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ടയോട്ട കാറിന് നിരവധി രഹസ്യ അറകൾ ഉണ്ടായിരുന്നു. സീറ്റിനടിയിലും ചവിട്ടുപടിയിലും അറകൾ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലാണ്. ആന്ധ്രയിൽനിന്ന് പിടിച്ചെടുത്ത കെ.എൽ 10-എ.എച്ച് 4435 നമ്പർ കാർ പ്രതികൾ താമസിച്ച ലോഡ്ജിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
കൊളഗപ്പാറയിൽനിന്ന് 102 കിലോ കഞ്ചാവ് പിടിച്ചെടുത്ത് രണ്ട് ദിവസത്തിനുള്ളിൽത്തന്നെ ജോസിെൻറ പങ്ക് സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. എന്നാൽ, പിടിക്കാൻ പൊലീസ് എത്തുമ്പോഴേക്കും താവളം മാറ്റി. ആഗസ്റ്റ് മൂന്നിനാണ്, 48 പൊതികളായി സൂക്ഷിച്ച 102 കിലോ കഞ്ചാവ് വയനാട്ടിൽനിന്ന് പിടിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുെന്നങ്കിലും പൊലീസിെൻറ വലിയ നേട്ടമായിരുന്നു ഇത്.
ജില്ലയുടെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായിരുന്നു അത്. എന്നാൽ, പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് പൊലീസിനെ കുഴക്കിയിരുന്നു. ഒടുക്കം ജോസിനെ പിടികൂടിയ സുൽത്താൻ ബത്തേരി എസ്.ഐ. ജെ. ഷജിം ഉൾപ്പടെയുള്ള സംഘത്തെ വയനാട് പൊലീസ് മേധാവി അരവിന്ദ് സുകുമാർ പ്രത്യേകം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.