കാരക്കണ്ടി, കാവടം, കല്ലൂർ...കുറ്റവാളികൾ കാണാമറയത്ത്
text_fieldsസുൽത്താൻ ബത്തേരി: ജില്ലയിൽ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് അന്വേഷണം മുറപോലെ നടക്കുമ്പോഴും കുറ്റവാളികൾ കാണാമറയത്താണ്. അടുത്തിടെ ജില്ലയിൽ നടന്ന വലിയ രണ്ട് കുറ്റകൃത്യങ്ങൾ കാരക്കണ്ടി സ്ഫോടനവും പനമരം കാവടം ഇരട്ട കൊലപാതകവുമാണ്. ഈ രണ്ടിലും പ്രതികളെക്കുറിച്ചുള്ള സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ 22നാണ് സുൽത്താൻ ബത്തേരി കോട്ടക്കുന്നിനടുത്ത് കാരക്കണ്ടിയിൽ ആൾ താമസമില്ലാത്ത വീടിനോട് ചേർന്ന ഷെഡിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. സ്ഫോടനത്തിന് കാരണമായ വസ്തുക്കൾ ഷെഡിൽ കൊണ്ടുവെച്ചത് ആരാണെന്നത് സംബന്ധിച്ച അന്വേഷണമാണ് എങ്ങുമെത്താത്ത അവസ്ഥയിൽ. കരിങ്കൽ ക്വാറികൾ, പടക്കം മേഖലകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ ചിത്രം ഇതുവരെ പുറത്തു വന്നിട്ടില്ല. കൂട്ടുകൂടി നടക്കുന്നതിനിടയിൽ കൗമാരക്കാർ റോഡിനോട് ചേർന്ന ഷെഡിൽ വെറുതെ കയറുകയായിരുന്നു.
ഷെഡിലുണ്ടായിരുന്ന വെള്ളപ്പൊടി പോലുള്ള വസ്തു എന്തെന്നറിയാൻ തീപ്പെട്ടി ഉരച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് ഒരു കുട്ടി മൊഴി നൽകിയിരുന്നു. ബോംബ് സ്ഫോടനത്തിന് സമാന വസ്തുക്കൾ ആൾപാർപ്പ് മേഖലയിൽ എത്തിച്ചവർ ആരാണെന്നതാണ് ഇപ്പോഴും കണ്ടെത്താനാവാത്തത്.
പാവപ്പെട്ട മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് സ്ഫോടനത്തിലൂടെ തകർന്നത്. പനമരത്തിനടുത്ത് കാവടത്താണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. റിട്ട. അധ്യാപകനായ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന് രാത്രിയായിരുന്നു സംഭവം. ഒറ്റപ്പെട്ടു കിടക്കുന്ന വീട്ടിൽ വളരെ ആസൂത്രിതമായിട്ടായിരുന്നു കൊലപതകം. അക്രമികൾ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് പത്മാവതി മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു. കൊലപാതകികളുടെ ലക്ഷ്യം മോഷണമായിരുന്നുവെന്നായിരുന്നു പൊലീസിെൻറ പ്രാഥമിക നിഗമനം. പത്മാവതിയുടെ ദേഹത്തെ ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
അതിനാൽ ലക്ഷ്യം മോഷണമാണോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു. പ്രത്യേകം സംഘം രൂപവത്കരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. നാട്ടുകാർ വലിയ ആശങ്കയിലാണ്. മുത്തങ്ങക്കടുത്ത് കല്ലൂരിൽ യുവാവ് കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ തട്ടി ഷോക്കേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.