ബ്ലാസ്റ്റേഴ്‌സിന്റെ കളി ഗോവയിൽ; ആവേശം ബത്തേരിയിൽ
text_fieldsകൽപറ്റ: മലയാളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സോക്കർ ലീഗിന്റെ ആവേശപ്പോരാട്ടത്തിന് ഗോവയിൽ കളത്തിലിറങ്ങുമ്പോൾ ആവേശനിമിഷങ്ങളിലേക്ക് വല കുലുക്കാൻ വയനാടും. ജംഷഡ്പുർ എഫ്.സിക്കെതിരെ രണ്ടാംപാദ സെമിഫൈനലിന് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായക്കാർ ബൂട്ടുകെട്ടിയിറങ്ങുമ്പോൾ ആരവങ്ങളും ആർപ്പുവിളികളുമായി ഒപ്പംകൂടുകയാണ് 'വയനാട് മഞ്ഞപ്പട'യും.
ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ വയനാട് ഘടകം ചൊവ്വാഴ്ച നിർണായക മത്സരത്തിന്റെ തത്സമയ സംപ്രേഷണം ബിഗ്സ്ക്രീനിൽ ഒരുക്കിയാണ് കളിക്കമ്പക്കാരുടെ പ്രതീക്ഷകൾക്കും ആവേശങ്ങൾക്കും നിറപ്പകിട്ടാർന്ന നിലമൊരുക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിന്റെ ലൈവ് സ്ക്രീനിങ് ഉണ്ടാകുമെന്ന് വയനാട് മഞ്ഞപ്പട ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ആറു മണിക്ക് തന്നെ അനുബന്ധ സംപ്രേഷണം തുടങ്ങുമെന്നാണ് മഞ്ഞപ്പടയുടെ അറിയിപ്പ്. കരുത്തരായ ജംഷഡ്പുരിനെതിരെ ആദ്യപാദ സെമിയിൽ മലയാളി താരം സഹൽ അബ്ദുസ്സമദ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. അതിനാൽ, രണ്ടാം പാദത്തിൽ സമനില നേടിയാൽപോലും മഞ്ഞക്കുപ്പായക്കാർക്ക് കലാശക്കളിയിൽ ഇടമുറപ്പിക്കാം.
പ്രിയദർശിനി കപ്പ് 2022ഉം അൽ-ഇത്തിഹാദ് അക്കാദമിയുമായി ചേർന്നാണ് സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പട ഫാൻ പാർക്ക് ഒരുക്കിയിരിക്കുന്നത്. റെക്സിൻ ലൈൻ സ്പോൺസർ ചെയ്ത സ്‌ക്രീനിൽ നടക്കുന്ന പ്രദർശനത്തിനു സോക്കർ സിറ്റി ടർഫും സഹകരിക്കുന്നുണ്ട്. ടീമിന്റെ ജഴ്സിയടക്കം മഞ്ഞയണിഞ്ഞെത്തുന്ന ആരാധകരുടെ ആവേശക്കാഴ്ചകളായിരിക്കും ബത്തേരിയിൽ അനുഭവവേദ്യമാകുക.
ജില്ലയിലെ പല ഭാഗങ്ങളിൽനിന്നും ആരാധകർ കളി ബിഗ്സ്ക്രീനിൽ തത്സമയം വീക്ഷിക്കാൻ ഫുട്ബാൾ പ്രേമികൾ ബത്തേരിയിലെത്തുമെന്ന് സംഘാടകർ പറഞ്ഞു. മഞ്ഞപ്പടയുടെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ഇതിനുള്ള പ്രചാരണം കൊഴുക്കുകയാണ്. ടീമിന്റെ അതിനിർണായക മത്സരത്തിന് വയനാട്ടിലും മഞ്ഞക്കടൽ സൃഷ്ടിക്കാൻ എല്ലാ കാൽപന്ത് പ്രേമികളും 15ന് വൈകീട്ട് ഏഴുമണിക്ക് സുൽത്താൻ ബത്തേരിയിലെത്തണമെന്ന് 'മഞ്ഞപ്പട' ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.