കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടിവ് സമാപിച്ചു; തദ്ദേശം പിടിക്കാനുറപ്പിച്ച് കോൺഗ്രസ്
text_fieldsസുൽത്താൻ ബത്തേരി: ലോക്സഭ തെരഞ്ഞെടുപ്പിലെ വൻവിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കർമ പദ്ധതി തയാറാക്കി സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടിവ് സമാപിച്ചു. ആറ് കോര്‍പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് നൽകി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നൽകി.
കണ്ണൂര്‍ നഗരസഭയുടെ ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്. എറണാകുളം - വി.ഡി. സതീശന്, കോഴിക്കോട് -രമേശ് ചെന്നിത്തല, തൃശൂര്‍-എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോൺ, കൊല്ലം -മുന്‍ മന്ത്രി വി.എസ്. ശിവകുമാർ, തിരുവനന്തപുരം - പി.സി.വിഷ്ണുനാഥ് എന്നിങ്ങനെയാണ് ചുമതല. ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും, എറണാകുളത്തിന്റേത് ടി.എന്‍.പ്രതാപനും കോഴിക്കോടിന്റേത് ടി.സിദ്ദീഖ് എം.എൽ.എക്കുമാണ്. ജില്ലകളുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാർക്കുപുറമെ ജില്ലതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കുകൂടി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, കൊല്ലം -അടൂര്‍ പ്രകാശ് എം.പി, പത്തനംതിട്ട -ഷാനിമോള്‍ ഉസ്മാന്, ആലപ്പുഴ-മുന്‍മന്ത്രി കെ.സി.ജോസഫ്, കോട്ടയം -ബെന്നി ബെഹനാന് എം.പി, ഇടുക്കി -ജോസഫ് വാഴയ്ക്കന്, എറണാകുളം -ആന്റോ ആന്റണി, തൃശൂര്‍ -എ.പി.അനില്‍കുമാര്‍, പാലക്കാട്- ടി.എന്‍. പ്രതാപന്, മലപ്പുറം -എം.കെ.രാഘവന് എം.പി, കോഴിക്കോട് -രാജ്മോഹന്‍ ഉണ്ണിത്താന്, വയനാട് -സണ്ണിജോസഫ് എം.എല്‍.എ, കണ്ണൂര്‍ -ടി.സിദ്ദീഖ് എം.എല്‍.എ, കാസർകോട് -ഷാഫിപറമ്പില്‍ എം.പി. ജില്ലകളുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും. പ്രാദേശിക തലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നടപടികൾ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ ക്യാമ്പ് തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വളർച്ച ആപത്താണ്. ചോർന്ന സി.പി.എം വോട്ടുകൾ ബി.ജെ.പിക്കാണ് കിട്ടിയത്.
സി.പി.എമ്മിന്റെ പ്രവർത്തനത്തിൽ പ്രതിഷേധമുള്ള സി.പി.എമ്മുകാരെ അകറ്റി നിർത്താതെ കോൺഗ്രസിലേക്ക് അടുപ്പിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. പാലക്കാട് റെയിൽവേ ഡിവിഷന് വിഭജനത്തിനെതിരെ വി.കെ. ശ്രീകണ്ഠന് എം.പി പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ റെയിൽവേ വികസനത്തിന് തുരങ്കംവെക്കുന്ന കേന്ദ്ര നടപടിക്കെതിരെ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.