തീറ്റ, വിശ്രമം... കുപ്പാടിയിലെ കടുവക്ക് സുഖചികിത്സ
text_fieldsസുൽത്താൻ ബത്തേരി: വന്യമൃഗങ്ങൾക്കുള്ള കുപ്പാടിയിലെ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിൽ ഒന്നര മാസം മുമ്പ് അതിഥിയായി എത്തിയ കടുവക്ക് സുഖചികിത്സ. ഒന്നിടവിട്ട ദിവസങ്ങളിൽ ഏഴു കിലോ ബീഫാണ് അകത്താക്കുന്നത്. പിന്നീട് ഉറക്കവും ഉലാത്തലുമായി നേരമ്പോക്ക്. കൈക്കുണ്ടായിരുന്ന ചെറിയ പരിക്ക് 90 ശതമാനവും സുഖമായി. ദിവസവും ഡോക്ടറുടെ സാന്നിധ്യമുണ്ട്. നിരവധി വനംവകുപ്പ് ജീവനക്കാർ പരിചാരകരായി ഉള്ളതിനാൽ രാജാവായിത്തന്നെയാണ് കടുവ ഇവിടെ കഴിയുന്നത്. രണ്ട് ഹെക്ടർ വിസ്താരമാണ് പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിനുള്ളത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള സൗകര്യങ്ങളാണ് ഇതിലുള്ളത്. പുലികൾക്കും കടുവകൾക്കുമായി പ്രത്യേക പുൽമേടുകൾ ഒരുക്കിയിട്ടുണ്ട്. 25 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കടുവകളുടെ പുൽമേട്. ചുറ്റും കമ്പിയഴികളുണ്ട്. മുകൾഭാഗം തുറന്നു കിടക്കുന്നു. പുൽമേടുകളിലേക്ക് തുറന്നുവിട്ട് തിരിച്ചുകയറ്റിയുള്ള പരിശീലനമാണ് ഇപ്പോൾ കൊടുക്കുന്നത്. തുടക്കത്തിലെ ഒന്നുരണ്ടാഴ്ച ദിവസവും ഭക്ഷണം കൊടുത്തിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെയാണ് ഒന്നിടവിട്ടുള്ള ദിവസങ്ങളിലേക്ക് മാറ്റിയത്. ആളെ കാണാത്ത രീതിയിൽ പ്രത്യേക ദ്വാരത്തിലൂടെയാണ് ഭക്ഷണം കൊടുക്കുന്നത്. പുറത്തുനിന്നുള്ള സാംക്രമിക രോഗങ്ങൾ പടരാതിരിക്കാൻ ഭക്ഷണവുമായി കടുവയുടെ അടുത്തേക്ക് പോകുന്ന ജീവനക്കാർപോലും പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് ഷൂ ഉൾപ്പെടെയുള്ളവ കഴുകുമെന്ന് ആർ.ആർ.ടി.യിലെ റേഞ്ച് ഓഫിസർ രൂപേഷ് പറഞ്ഞു.
സി.സി.ടി.വി സൗകര്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രം, വെറ്ററിനറി യൂനിറ്റ്, ഗോഡൗൺ, ജലവിതരണ സംവിധാനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവയും ഇവിടത്തെ സൗകര്യങ്ങളാണ്. ചികിത്സ നടത്തുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, അസി. വെറ്ററിനറി ഓഫിസർ, ലാബ് അസിസ്റ്റന്‍റുമാർ എന്നിവരുടെയും ദ്രുതകർമസേനയുടെയും സേവനവും സദാ സമയവുമുണ്ട്.
1973ൽ സ്ഥാപിതമായ വയനാട് വന്യജീവി സങ്കേതത്തിലാണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത്. പുള്ളിപ്പുലികളുമേറെ. അതുകൊണ്ടുതന്നെ, ഇവ ജനവാസ കേന്ദ്രങ്ങളിൽ എത്താനുള്ള സാധ്യതകളും കൂടുതലാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് വയനാട്ടിൽ പുതിയ കേന്ദ്രം ഒരുക്കിയത്. അതേസമയം, വന്യമൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിൽ താമസിപ്പിച്ച കടുവയെ വീണ്ടും കാട്ടിൽ തുറന്നുവിടുക പ്രായോഗികമല്ലെന്നാണ് മുത്തങ്ങയിലെ അസി. വൈൽഡ് ലൈഫ് വാർഡൻ സുനിൽകുമാർ പറയുന്നത്. അയൽസംസ്ഥാനങ്ങളിലെ ഇത്തരം കേന്ദ്രങ്ങളിലെ മൃഗങ്ങൾ ഇതിന് തെളിവാണ്. പിന്നീടുള്ള സാധ്യത മൃഗശാലയിലേക്ക് കൊണ്ടുപോകുകയാണ്.
കേരളത്തിൽ തിരുവനന്തപുരത്തും തൃശൂരുമുള്ള മൃഗശാലകളിലേക്ക് കടുവകളെ വേണ്ട. മാനന്തവാടി ജെസ്സി കല്ലിയോട്ട് തേയില തോട്ടത്തിൽനിന്നുമാണ് ഒന്നര മാസം മുമ്പ് മയക്കുവെടി വെച്ച് കടുവയെ വലയിലാക്കിയത്. മയക്കത്തിൽനിന്നും ഉണരുന്നതിന് മുമ്പ് കുപ്പാടിയിലെ വന്യമൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.