വിടവാങ്ങുന്നത് യന്ത്രങ്ങൾ ഏറ്റെടുത്ത വിളവെടുപ്പുകാലം
text_fieldsസുൽത്താൻ ബത്തേരി: കൊയ്ത്ത്, കറ്റവാരൽ, മെതി, ഒക്കൽ, കച്ചി ഉണക്കൽ, തുറുകെട്ടൽ എന്നിങ്ങനെ കൊയ്ത്തുകാലത്തെ സകല ജോലികളെയും കൊയ്ത്തുയന്ത്രം കീഴടക്കിയ വിളവെടുപ്പുകാലം കൂടി അവസാനിക്കുന്നു. ജില്ലയിലെ ഒട്ടുമിക്ക വയലുകളിലും കൊയ്ത്ത് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇനി നാമമാത്രമായ വയലുകളിലാണ് കൊയ്ത്ത് നടക്കാനുള്ളത്. യന്ത്രം ലഭ്യമാകുന്ന മുറക്ക് അതും പൂർത്തിയാകും.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ കൊയ്ത്തുയന്ത്രമായിരുന്നു ഇത്തവണ വയനാടൻ പാടശേഖരങ്ങളിലെ താരം. മണിക്കൂറിന് 2400- 2800 തോതിലാണ് മിക്കയിടത്തും കർഷകർക്ക് കൊടുക്കേണ്ടിവന്നത്. വൈക്കോൽ റോളാക്കുന്ന യന്ത്രത്തിന് 300 രൂപയാണ് മണിക്കൂർ കൂലി. യന്ത്രം വന്നതോടെ നെല്ല് ചാക്കിലാക്കുന്ന ജോലിക്ക് മാത്രമാണ് കർഷകന് ഇറങ്ങേണ്ടിവന്നത്. ഒന്നോ രണ്ടോ ഏക്കർ പാടം കൊയ്ത് നെല്ല് ചാക്കിലാക്കാൻ ആഴ്ചകൾ എടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഒന്നോ രണ്ടോ ദിവസംകൊണ്ട് എല്ലാം പൂർത്തിയാകും.
കൊയ്ത്തുകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ മഴ പെയ്തത് ചില കർഷകർക്ക് തിരിച്ചടിയായി. യന്ത്രമിറക്കാൻ കഴിയാത്തതിനാൽ തൊഴിലാളികൾ അരിവാളുമായിറങ്ങി കൊയ്തു. മുത്തങ്ങ, കല്ലൂർ, രാമ്പള്ളി വയലുകൾ ഇതിന് ഉദാഹരണമാണ്. വെയിൽ ഉറച്ചതോടെ പിന്നീട് യന്ത്രങ്ങളും ഇവിടെയെത്തി.
സപ്ലൈകോയുടെ നെല്ല് സംഭരണം ജില്ലയിലെ പാടശേഖരങ്ങളിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. പണമിറക്കി കൃഷി ചെയ്താലും നെല്ല് വിറ്റാൽ ലാഭമുണ്ടാകുമെന്നാണ് നെന്മേനി പഞ്ചായത്തിലെ ചില പാടശേഖര സമിതി അംഗങ്ങൾ പറയുന്നത്. കൊയ്ത്ത് കഴിയുന്നതുവരെ കാട്ടുമൃഗങ്ങൾ പാടങ്ങളിൽ ഇറങ്ങാതിരിക്കുകയും വേണം. വിത്തുവിതച്ച് കൊയ്ത്തുവരെ മുത്തങ്ങ മേഖലയിലെ പാടശേഖരങ്ങളിൽ കർഷകർ കാവലിരുന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.