പരാതികൾക്ക് ഒരു കുടക്കീഴിൽ പരിഹാരവുമായി തദ്ദേശ അദാലത്ത്
text_fieldsസുൽത്താൻ ബത്തേരി: സംസ്ഥാന സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി നടന്ന ജില്ലതല തദ്ദേശ അദാലത്തിൽ നിരവധി പരാതികൾക്ക് പരിഹാരം. സംസ്ഥാന തലത്തിൽ 13 ജില്ലകളും മൂന്ന് കോർപറേഷനും പിന്നിട്ട് ഏറ്റവുമൊടുവിലാണ് തദ്ദേശ അദാലത്തിന് ജില്ല വേദിയായത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് അദാലത്ത് പുനഃക്രമീകരണം നടത്തിയത്. മുൻകൂട്ടി ഓൺലൈൻ പോർട്ടൽ വഴി അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ സ്വീകരിച്ചതിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിയത്.
പരാതികൾ പഞ്ചായത്തുതലം, ജില്ലതലം, സംസ്ഥാനതലം എന്നിങ്ങനെ തരം തിരിച്ചാണ് പരിഗണിച്ചത്. അതത് പഞ്ചായത്ത് തലങ്ങളിൽ മാത്രം തീരുമാനമെടുക്കേണ്ട പരാതികൾ അദാലത്തിൽ ക്രമീകരിച്ച ഡെസ്കുകളിൽ തീർപ്പാക്കി. ഇവിടെനിന്നും ജില്ലതലത്തിൽ പരിഗണിക്കേണ്ട പരാതികൾ ജില്ലതലത്തിലും പരിഹരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഇവിടെനിന്ന് സംസ്ഥാനതലത്തിൽ നിർദേശം ആവശ്യമായ പരാതികൾ സംസ്ഥാനതല ടീം പരിശോധിച്ച് തീർപ്പാക്കുന്ന രീതിയാണ് പിന്തുടർന്നത്. നിലവിലുള്ള ചട്ടങ്ങളിൽ ഭേദഗതി ആവശ്യമായ പരാതികൾ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നേരിട്ട് കേൾക്കുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സർക്കാറിന്റെ പുതിയ ഉത്തരവിറങ്ങുന്നതോടെ ഇത്തരത്തിലുള്ള പരാതികൾ ഒന്നടങ്കം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജില്ല തദ്ദേശ അദാലത്തിൽ എത്തിയ പുതിയ പരാതികൾ പ്രാഥമിക ദ്വിതീയ പരിശോധനകൾ പൂർത്തിയാക്കി രണ്ട് മാസത്തിനകം തീർപ്പ് കൽപിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ പരാതികൾ പരമാവധി പരിഹരിക്കുക ലക്ഷ്യം -മന്ത്രി എം.ബി. രാജേഷ്
സുൽത്താൻ ബത്തേരി: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ജില്ലതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലേത് 17ാമത് അദാലത്താണ്. അദാലത്തിലൂടെ ലഭിച്ച പരാതികളുടെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതുതീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
100ഓളം ചട്ടഭേദഗതിയിലൂടെ 351 മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ച് ആവശ്യമായ നിർദേശം സർക്കാറിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരെയും മന്ത്രി നേരിൽ കണ്ട് പരാതികൾ പരിശോധിച്ച് തീർപ്പാക്കി.
അദാലത്ത് വേദിയിൽ പരാതി നൽകിയവരിൽ നിന്നും വിവിധ കൗണ്ടറുകൾ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ പരാതികളിൽ രണ്ടാഴ്ചക്കകം തീർപ്പ് ഉറപ്പാക്കും. ദുരന്തപ്രദേശത്തെ അതിജീവന - പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ പഴുതടച്ച നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി അണിനിരന്ന വകുപ്പ് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും മന്ത്രി അഭിനന്ദനമറിയിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, എ.ഡി.എം. കെ. ദേവകി, തദ്ദേശ വകുപ്പ് ചീഫ് ടൗൺ പ്ലാനർ ഷിജി ഇ. ചന്ദ്രൻ, ചീഫ് എൻജിനീയർ കെ.ജി. സന്ദീപ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപൻ മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.