ആത്മവീര്യം തകർക്കില്ല, ഒറ്റക്കെട്ടായി മുന്നോട്ട്
text_fieldsസുൽത്താൻ ബത്തേരി: എടക്കൽ, അമ്പുകുത്തി പ്രദേശത്തെ കടുവ വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടികൾ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വം വനം വകുപ്പിനെ അറിയിച്ചു.
കുടുക്കിൽ വീണ കടുവയെ ആദ്യം കണ്ട ഹരി ആത്മഹത്യ ചെയ്തതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രോഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉറപ്പ് നൽകിയത്. ഗ്രാമവാസികളെ ദ്രോഹിക്കുന്ന തരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആരെങ്കിലും പെരുമാറിയതായി തെളിഞ്ഞാൽ അവരെ സംരക്ഷിക്കില്ലെന്നും നടപടിയെടുത്തിരിക്കുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമും പറഞ്ഞു.
കടുവയെ പിന്തുടർന്ന് പിടികൂടുന്ന യജ്ഞത്തിൽ നാട്ടുകാരുടെ പൂർണ സഹകരണം വനം വകുപ്പിന് ആവശ്യമുണ്ട്. എന്നാൽ, വനം വകുപ്പിനെ നിയന്ത്രിക്കുന്ന രീതിയിൽ നാട്ടുകാർ പെരുമാറിയാൽ അത് ലക്ഷ്യം കൈവരിക്കുന്നതിന് തടസ്സമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൃത്യമായ നിരീക്ഷണത്തിനും പഠനത്തിനും ശേഷമാണ് കൂട് വെക്കേണ്ട സ്ഥലം ജീവനക്കാർ തീരുമാനിക്കുന്നത്. പലപ്പോഴും ഇത് സമ്മതിക്കാതെ നാട്ടുകാർ പറയുന്നിടത്ത് കൂടുവെക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണ്.
വയനാട്ടിൽ ജനിച്ചുവളർന്ന ഇവിടെ വീടുള്ളവരാണ് ജില്ലയിലെ വനം വകുപ്പിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും. വന്യജീവി ശല്യത്തിന്റെ രൂക്ഷത സ്വന്തം കൃഷിയിടത്തിലും വീട്ടുമുറ്റത്തും ദിനംപ്രതി അനുഭവിക്കുന്നവരാണ് തങ്ങളും. എന്നാൽ, തങ്ങളെ ശത്രുക്കളെപോലെ കാണാൻ പ്രേരിപ്പിക്കുന്ന ബോധപൂർവമായ പ്രചാരണങ്ങൾ ചിലർ നടത്തുന്നുണ്ട്.
പ്രവർത്തനങ്ങൾ പരിശോധിച്ചും വിലയിരുത്തിയും മുന്നോട്ടുപോകാമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും യോഗത്തിൽ ധാരണയായി. കടുവയെ കണ്ടെന്ന് ആരെങ്കിലും പറയുമ്പോൾ അത് സ്ഥിരീകരിച്ച ശേഷം മാത്രം പുറത്തു പറയുന്നതിന് പഞ്ചായത്ത് തലത്തിൽ സംവിധാനമുണ്ടാകും. വാർഡുകൾ തോറും ആക്ഷൻ കമ്മിറ്റികൾ രൂപീകരിക്കപ്പെടുന്നത് മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ വില്ലേജ് തലത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയമുരളി, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, ഗ്രാമപഞ്ചായത്തംഗം ബിജു എടയനാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.കെ. സുന്ദരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വന്യജീവി ആക്രമണം തടയാന്‍ 24 കോടിയുടെ കിഫ്ബി പദ്ധതി
കൽപറ്റ: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വിവിധ വനാതിര്‍ത്തികളില്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജി തയാറാക്കിയ പരിഷ്കരിച്ച രൂപരേഖ പ്രകാരം ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ റോപ് ഫെന്‍സിങ് നടത്തുന്നതിനും ഇത് പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 കോടി രൂപ അനുവദിച്ചെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
നോര്‍ത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളില്‍ ക്രാഷ് ഗാര്‍ഡ് സ്റ്റീല്‍ റോപ് ഫെന്‍സിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അത്തരം പ്രദേശങ്ങളില്‍ സോളാര്‍ ഹാങിങ് ഫെന്‍സിങ് ആണ് സ്ഥാപിക്കുക.
ആകെ അനുവദിച്ച 24 കോടിയില്‍ എന്‍.ഐ.ടി തയാറാക്കിയ പരിഷ്കരിച്ച രൂപരേഖ പ്രകാരം ലാഭിക്കാന്‍ പറ്റുന്ന ബാക്കി തുകയായ 9.21 കോടി രൂപ കൂടി അനുയോജ്യമായ മറ്റ് നടപടികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ്. സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര -പത്തിരിയമ്പം- പാത്രമൂല- കക്കോടം ബ്ലോക്ക് - 750 ലക്ഷം, കൊമ്മഞ്ചേരി, സുബ്രമണ്യംകൊല്ലി പ്രദേശം -175 ലക്ഷം, വേങ്ങോട് മുതല്‍ ചെമ്പ്ര വരെ - 250 ലക്ഷം, കുന്നുംപുറം - പത്താം മൈല്‍ - 150 ലക്ഷം.
നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ തീക്കാടി - പുലക്കപ്പാറ- നമ്പൂരിപൊതി പ്രദേശം-225 ലക്ഷം, നോര്‍ത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതല്‍ പാല്‍വെളിച്ചം വരെ - 300 ലക്ഷം, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ വടക്കനാട് -225 ലക്ഷം, കാന്നല്‍ മുതല്‍ പാഴൂര്‍ തോട്ടമൂല വരെ - 325 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സി (എസ്.എഫ്.ഡി.എ) ആണ് ഈ പദ്ധതി നടത്തിപ്പിനുള്ള ഏജന്‍സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.