കുപ്പാടിയിലെ കളിസ്ഥലം ആർ.ടി.ഒക്ക് വിട്ടുകൊടുത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിന്
text_fieldsസുൽത്താൻ ബത്തേരി: കുപ്പാടി സെൻറ് മേരീസ് കോളജിന് മുന്നിലെ കളിസ്ഥലം ആർ.ടി.ഒക്ക് വിട്ടുകൊടുത്തതിനെതിരെ നാട്ടുകാരും സമീപത്തെ കിടങ്ങിൽ ആദിവാസി കൂട്ടായ്മയും പ്രക്ഷോഭത്തിന്. ആദിവാസി കൂട്ടായ്മ നേതൃത്വത്തിൽ തിങ്കളാഴ്ച സുൽത്താൻ ബത്തേരി നഗരത്തിൽ പ്രകടനം നടത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ പരാതി അയച്ചിട്ടുണ്ട്.
ഹെലിപാഡിന് അടുത്തുള്ള ഒന്നര ഏക്കർ സ്ഥലമാണ് റവന്യൂ വകുപ്പ് അടുത്തിടെ സുൽത്താൻ ബത്തേരി ആർ.ടി.ഒ ഓഫിസിന് വിട്ടുകൊടുത്തത്. നാലു പതിറ്റാണ്ടായി ആദിവാസികൾ കളിസ്ഥലമായി ഉപയോഗിച്ചിട്ടും അവരോട് ഒരു വാക്കുപോലും ചോദിക്കാതെ റവന്യൂ അധികൃതർ നടപടി എടുത്തതാണ് പ്രശ്നമായിരിക്കുന്നത്. ഈ സ്ഥലത്ത് പരിശീലനം നടത്തി കായിക മികവ് നേടി സർക്കാർ സർവിസിൽ കയറിയവർ നിരവധിയാണ്. വിവ എന്ന പേരിൽ ട്രൈബൽ യൂത്ത് ക്ലബ് ഫുട്ബാൾ ടൂർണമെൻറുകളും പരിശീലനങ്ങളും ഇവിടെ നടത്തിവന്നിരുന്നു.
സെൻറ് മേരീസ് കോളജിെൻറ മുറ്റം മുതൽ കാരക്കണ്ടി ഭാഗത്തേക്ക് ഇറക്കമാണ്. മൂന്നു പതിറ്റാണ്ട് മുമ്പാണ് കോളജിന് മുന്നിലെ ഭൂമി തട്ടുകളായി തിരിച്ചത്. കോളജ് മൈതാനമാണ് ആദ്യം. അതിനു താഴെ ഹെലിപാഡ്, കളിസ്ഥലം എന്നിങ്ങനെയാണ് ഭൂമി കിടക്കുന്നത്. വി.ഐ.പികളുടെ സന്ദർശന സമയമൊഴിച്ച് ബാക്കി എല്ലായ്പ്പോഴും ഹെലിപാഡ് വെറുതെ കിടക്കുകയാണ് പതിവ്. ഡ്രൈവിങ് സ്കൂളുകളുടെ പരിശീലനവും ആർ.ടി.ഒ ടെസ്റ്റുകളും ഇവിടെ നടക്കാൻ കാരണമിതാണ്. താഴെയുള്ള മൈതാനത്ത് കായിക പരിശീലനവും തടസ്സമില്ലാതെ നടന്നിരുന്നു. സെൻറ് മേരീസ് കോളജിെൻറയും കുപ്പാടി ഗവ. ഹൈസ്കൂളിെൻറയും മൈതാനങ്ങളിൽ പൊതുജനത്തിന് പ്രവേശിക്കാൻ നിയന്ത്രണമുണ്ട്. അതിനാൽ പ്രദേശത്തെ പൊതു മൈതാനമെന്ന് പറയാവുന്നത് ഹെലിപാഡിനടുത്ത കളിസ്ഥലം മാത്രമായിരുന്നു.
ഹെലിബോൺ സർവേക്കായി ഹെലിപാഡ് അടച്ചതോടെ കളിസ്ഥല വിവാദം ഇടവേളക്കുശേഷം ശക്തമാവുകയായിരുന്നു. നഗരസഭ അധികൃതർ കളിസ്ഥലത്തിനായി വാദിക്കുന്നവരുമായി ചർച്ചകൾ നടത്തിയെങ്കിലും കളിസ്ഥലം നിലനിർത്തുന്ന രീതിയിലുള്ള തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.
കളിസ്ഥലം നിലനിർത്തണം –ഊരുകൂട്ട സമിതി
സുൽത്താൻ ബത്തേരി: കുപ്പാടി ഹെലിപാഡിനടുത്ത കളിസ്ഥലം നിലനിർത്താൻ അധികൃതർ തയാറാകണമെന്ന് കിടങ്ങിൽ ഊരുകൂട്ട സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ കളിസ്ഥലത്ത് പരിശീലിച്ച നിരവധി ആദിവാസി കുട്ടികൾ ജില്ല, സംസ്ഥാനതല കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മൈതാനം ആർ.ടി.ഒക്ക് വിട്ടുകൊടുത്ത നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണം. ജില്ലയിലെ വിവിധ ഗോത്ര നേതാക്കൾ ഇക്കാര്യത്തിൽ ഊരുകൂട്ടത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി, കായിക മന്ത്രി, ജില്ല കലക്ടർ, പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കൊക്കെ പരാതി അയച്ചിട്ടുണ്ട്. കിടങ്ങിൽ ശശി, എ.എസ്. കവിത, കെ.ഡി. അരുൺ, കെ.വി. ശ്രീനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.