തേനീച്ചക്കുത്തേറ്റ് മരിച്ച ആദിവാസി വയോധികെൻറ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ നീണ്ട കാത്തിരിപ്പ്
text_fieldsസുൽത്താൻ ബത്തേരി: തേനീച്ചക്കുത്തേറ്റ് മരിച്ച ആദിവാസി വയോധികെൻറ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ മൂന്നു ദിവസത്തോളം വൈകിയത് വിവാദമായി. ആരോഗ്യ വകുപ്പ് അധികൃതർ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ബന്ധുക്കൾ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ അരിമുള പാൽനട കോളനിയിലെ ഗോപാലെൻറ (61) മൃതദേഹത്തോടാണ് അധികൃതരുടെ അനാദരവ്.
കോളനി നിവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തു വന്നപ്പോൾ ചൊവ്വാഴ്ച വൈകീട്ട് േപാസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം അഴുകുന്നതുവരെ ആശുപത്രിയിൽ െവച്ചു താമസിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച പാൽനട കോളനിയിലെത്തിയ ൈട്രബൽ വകുപ്പ് ഉദ്യോഗസ്ഥരെ കോളനി നിവാസികൾ വളഞ്ഞ് തടഞ്ഞുവെച്ചു.
ശനിയാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിലാണ് മരണം. എന്നാൽ പോസ്റ്റ്മോർട്ടം നടത്താൻ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോറൻസിക് സർജൻ ഇല്ലാത്തതിനാലാണ് മൃതദേഹം സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ രണ്ടു ദിവസം സൂക്ഷിച്ചതെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. വൈകീട്ട് അഞ്ചരയോടെ കോളനിയിൽ എത്തിച്ചു.
ശനിയാഴ്ച വൈകീട്ടാണ് ഗോപാലന് കോളനിക്ക് സമീപം വയലിൽനിന്ന് തേനീച്ചയുടെ കുത്തേറ്റത്. ആദ്യം സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മരിച്ചു. ഞായറാഴ്ച രാവിലെ മൃതദേഹം താലൂക്കാശുപത്രിയിലെത്തിച്ചു.
പോസ്റ്റ്മോർട്ടം വൈകുന്നത് സംബന്ധിച്ച് ഡി.എം.ഒ ഉൾപ്പെടെയുള്ളവരെ അരിമുളയിലെ പൊതുപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. നടപടി വേഗത്തിലാക്കാൻ അധികൃതർ താൽപര്യം കാണിച്ചില്ലെന്ന് പൊതുപ്രവർത്തകനും അരിമുളയിലെ മുൻ പഞ്ചായത്ത് അംഗവുമായ ജോർജ് പുൽപ്പാറ പറഞ്ഞു.
ഗോപാലെൻറ ഭാര്യ: കരിച്ചി. മക്കൾ: സുശീല, ലീല, മിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.