മന്ദണ്ടിക്കുന്നിലെ അപകടം; രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത് സൈനബ
text_fieldsസൈനബസുൽത്താൻ ബത്തേരി: തിങ്കളാഴ്ച രാവിലെ ബത്തേരി -മുത്തങ്ങ റോഡിലെ മന്ദണ്ടിക്കുന്നിൽ നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷിന്റെയും സുമയുടെയും മകൾ രാജലക്ഷ്മി (2)യുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത് സമീപത്ത് ജനകീയ ഹോട്ടൽ നടത്തുന്ന സൈനബ.
കാറിൽ ഇടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞത് സൈനബയുടെ ഷോപ്പിന് മുന്നിലാണ്. നിമിഷങ്ങൾക്കകം ഓടിയെത്തിയ സൈനബ ഓട്ടോറിക്ഷ നിവർത്താൻ നോക്കുന്നത് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളും സഹായത്തിന് എത്തിയതോടെ ഓട്ടോറിക്ഷ നിവർത്തി.
കുട്ടി ഓട്ടോക്ക് അടിയിൽ പെട്ടതാണ് വലിയ പരിക്കുണ്ടാകാൻ കാരണമായത്. 'ആദ്യം സ്കൂൾ കുട്ടികളാണെന്നാണ് വിചാരിച്ചത്. ഓട്ടോ ഉയർത്തിയപ്പോഴാണ് യാത്രക്കാരായി അമ്മയോടൊപ്പം മൂന്ന് കുട്ടികളെ കണ്ടത്. ഒരു കുട്ടി ചോര വാർന്ന് അനക്കമില്ലാതെ കിടക്കുകയായിരുന്നു...തലയ്ക്കായിരുന്നു പരിക്ക്. അതുവഴി വന്ന വെള്ളിമൂങ്ങ ഓട്ടോയിൽ കയറ്റി എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു...'സൈനബ പറഞ്ഞു. രാവിലെ ഏഴോടെ ഹോട്ടൽ തുറന്ന് ചോറിനുള്ള വെള്ളം അടുപ്പിൽവെച്ച ശേഷം പത്രം വായിച്ചിരിക്കുമ്പോഴായിരുന്നു അപകടം. ഓട്ടോ മറിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ എവിടെനിന്നോ ധൈര്യം കിട്ടി.
പിന്നെ ഒന്നും ആലോചിക്കാതെ റോഡിലേക്കോടി. സൈനബ അസാധാരണ ധൈര്യമാണ് കാണിച്ചത്. രാജലക്ഷ്മി അപകട സ്ഥലത്തുതന്നെ മരിച്ചതായി സൈനബ പറയുന്നു. 'ചെറിയ കുട്ടി റോഡിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വലിയ വിഷമമായി ... എടുക്കാൻ തുനിഞ്ഞെങ്കിലും പെട്ടെന്ന് പിൻവാങ്ങി... എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ തല കറങ്ങി വീണേനെ...'
ജനകീയ ഹോട്ടലിന്റെ ഒരു കി.മീറ്റർ അകലെ മന്ദണ്ടിക്കുന്നിലാണ് സൈനബയുടെ വീട്. മൂന്ന് ആൺ മക്കളാണിവർക്ക്. മക്കളും മരുമക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ദാരുണ സംഭവത്തിന്റെ വിഷമത്തിൽ തിങ്കളാഴ്ച ജനകീയ ഹോട്ടൽ തുറന്നില്ലെന്നും സൈനബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.