മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം നവീകരണത്തിന് ഒരുങ്ങുന്നു
text_fieldsസുൽത്താൻ ബത്തേരി: ജില്ലയിലെ കായിക മേഖലക്ക് മുതൽക്കൂട്ടാകാൻ ഒരുങ്ങുകയാണ് മീനങ്ങാടി ടൗണിനോട് ചേർന്നുള്ള ശ്രീകണ്ഠപ്പ സ്റ്റേഡിയം. അഞ്ചു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ഇതോടെ സ്റ്റേഡിയത്തിൽ വലിയ രൂപമാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 400 മീറ്റർ ട്രാക്ക്, ഫുട്ബാൾ ഗ്രൗണ്ട് എന്നിവയൊക്കെ സ്റ്റേഡിയത്തിൽ ഉണ്ടെങ്കിലും നിലവാരമില്ലായ്മ വലിയൊരു പ്രശ്നമായി അവശേഷിക്കുകയാണ്. കോടികൾ മുടക്കി നവീകരിക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തപ്പെടും. ഫുട്ബാൾ ഗ്രൗണ്ട്, ട്രാക്ക് എന്നിവ മോടി കൂട്ടും. നിലവാരമുള്ള ലൈറ്റ് സംവിധാനങ്ങൾ ഒരുക്കും. ചെറിയ മഴയത്ത് പോലും ഇപ്പോൾ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. പല ഭാഗത്തും ചെളിക്കുളമായി കിടക്കുകയാണ്. ഡ്രസിങ് റൂമും പരിസരവും കാടുമൂടി പ്രാകൃതാവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ചുറ്റുമതിൽ, ഗേറ്റ് എന്നിവയൊക്കെ നശിച്ചു. ഇതോടെ സാമൂഹിക വിരുദ്ധ ശല്യവും സ്റ്റേഡിയത്തിലുണ്ട്. പുതിയ നിർമാണങ്ങൾ നടക്കുന്നതോടെ ഇതിനൊക്കെ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
ഫുട്ബാൾ ആരാധകർ ഏറെയുള്ള മേഖലയാണ് മീനങ്ങാടി. ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽനിന്ന് കളി പഠിച്ച് സംസ്ഥാന താരങ്ങളായവർ നിരവധിയാണ്. പരിമിതമായ സാഹചര്യങ്ങളിൽ നിന്നായിരുന്നു അവരുടെ മുന്നേറ്റം. മീനങ്ങാടി ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾ പരിശീലനം നടത്തുന്നതും ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിലാണ്. സ്റ്റേഡിയത്തിന്റെ വികസനത്തിനായി സർക്കാർ അഞ്ചു കോടി അനുവദിച്ചതായി കഴിഞ്ഞ ദിവസം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.