കുരങ്ങ്, കാട്ടുപന്നി, കടുവ... ബത്തേരിയിൽ ജനം പൊറുതിമുട്ടി
text_fieldsസുൽത്താൻ ബത്തേരി: അടുത്ത കാലത്തായി കാട്ടുമൃഗങ്ങളുടെ ശല്യം സുൽത്താൻ ബത്തേരി മേഖലയിൽ ജനജീവിതം ദുസ്സഹമാക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി, കടുവ എന്നിവയാണ് നഗരസഭ പരിധിയിൽപെട്ട വിവിധ ഭാഗങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പരിഹാരനടപടികൾ സ്വീകരിക്കാമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്തും കുരങ്ങുകൾ എത്തുന്നു. കെട്ടിടങ്ങളുടെ മുകളിലൂടെ സഞ്ചരിക്കുന്ന വാനരന്മാർ കൈയിൽ ഒതുങ്ങുന്നതെന്തും എടുത്തുകൊണ്ടുപോകും. രാത്രിയാണ് കാട്ടുപന്നികൾ എത്തുന്നത്. മാനിക്കുനി മുതൽ കോട്ടക്കുന്ന് റോഡ് വരെ കാട്ടുപന്നികൾ കൈയടക്കും. രാത്രി വാഹനങ്ങൾ ഒഴിയുന്നതോടെയാണ് കാട്ടുപന്നികൾ റോഡിലിറങ്ങുന്നത്. കൂട്ടമായും ഒറ്റക്കും എത്തുന്ന കാട്ടുപന്നികൾ കാൽനടക്കാരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ദൊട്ടപ്പൻകുളം, ബീനാച്ചി, കട്ടയാട്, പുതിക്കാട് ഭാഗങ്ങളിലാണ് കടുവ ശല്യമുള്ളത്. കടുവയെ പിടികൂടാൻ നടപടിയെടുക്കുമെന്ന അധികൃതരുടെ വാക്കുകളിൽ നാട്ടുകാർ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. വലിയ ജനവാസ മേഖലകളായതിനാൽ കടുവയുടെ സാന്നിധ്യം അപകടഭീതി സൃഷ്ടിക്കുകയാണ്. കട്ടയാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാനുകളും കർഷകർക്ക് ഏറെ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്നുണ്ട്.
ചെതലയം, കുപ്പാടി വനങ്ങളാണ് സുൽത്താൻ ബത്തേരി നഗരസഭയിൽപെട്ട സ്ഥലങ്ങളിൽ കാട്ടുമൃഗശല്യം കൂടാൻ കാരണം. ചെതലയം കാട്ടിൽനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ബീനാച്ചി എത്താം.
ഈ മേഖലയിൽ ഇടക്കിടെ കടുവ എത്താൻ കാരണം ഇതാണ്. കുപ്പാടി വനത്തിൽ നിന്നാണ് സുൽത്താൻ ബത്തേരി നഗരത്തിലേക്ക് കാട്ടുമൃഗങ്ങൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.