കൈവട്ടമൂല, പഴുപ്പത്തൂർ പ്രദേശങ്ങളിൽ കുരങ്ങുശല്യം രൂക്ഷം
text_fieldsസുൽത്താൻ ബത്തേരി: നഗരസഭയിൽപെട്ട കൈവട്ടമൂല, പഴുപ്പത്തൂർ പ്രദേശങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായി. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലാണ് കുരങ്ങുകൾ വിഹരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ വനം വകുപ്പിനാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചെതലയം കാടിനോട് ചേർന്ന പ്രദേശമാണ് കൈവട്ടമൂല. ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. കൃഷിയിടങ്ങളിലും വീടുകളിലും കുരങ്ങുകൾ കയറിയിറങ്ങുന്നു.
അഞ്ചു വർഷത്തോളമായി പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണെന്ന് കൈവട്ടമൂല ടി.പി കുന്നിലുള്ളവർ പറയുന്നു. ചാപ്പകൊല്ലി, പഴുപ്പത്തൂർ എന്നിവിടങ്ങളിലും കുരങ്ങുകൾ എത്തുന്നുണ്ട്. വീടുകളുടെ ഓടിളക്കി മാറ്റുന്നതും ആസ്പറ്റോസ് വീടുകളുടെ ഷീറ്റ് തകർക്കുന്നതും പതിവാണ്. ഓടിളക്കി വീടിനുള്ളിൽ കയറുന്ന കുരങ്ങുകൾ ആഹാര പദാർഥങ്ങൾ ഉൾപ്പെടെ വാരി വലിച്ചിട്ട് നശിപ്പിക്കുകയാണ്. പച്ചമുളക് അല്ലാത്ത എന്തു കൃഷിയും നശിപ്പിക്കും. തെങ്ങുകളിൽ കയറി തേങ്ങ പറിച്ചിടുന്നത് പതിവാണ്. കഴിഞ്ഞദിവസം കൈവട്ടമൂല കവലയ്ക്കടുത്തെ വീടിെൻറ ടെറസിൽ കയറി പൂച്ചെടികളൊക്കെ താഴേക്ക് വലിച്ചെറിഞ്ഞു.
കുന്നത്ത് ഹസെൻറ രണ്ടു തെങ്ങുകളിലെ തേങ്ങ പാകമാകും മുമ്പാണ് പറിച്ചിട്ടത്. രണ്ടുമാസം മുമ്പ് കുരങ്ങ് ശല്യത്തിനെതിരെ നാട്ടുകാർ സംഘടിച്ചപ്പോൾ വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിൽ വീഴുന്ന കുരുങ്ങുകളെ ദൂരെ ഉൾക്കാട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു ലക്ഷ്യം. കൂട് സ്ഥാപിച്ചതല്ലാതെ കുരങ്ങുകളെ ഉൾക്കാട്ടിലേക്ക് മാറ്റുന്ന നടപടികൾക്ക് അധികൃതർ വലിയ താൽപര്യം കാണിച്ചില്ല. കഴിഞ്ഞവർഷം സ്ഥാപിച്ച ഒരു കൂട് തുരുമ്പെടുത്തു. ഒരാഴ്ച മുമ്പാണ് വനം വകുപ്പ് ഈ കൂട് എടുത്തുകൊണ്ടുപോയത്.
സുൽത്താൻ ബത്തേരി ഗാരേജിനടുത്തെ കാടാണ് കൈവട്ടമൂല ഭാഗത്തേക്ക് നീളൂന്നത്. ബീനാച്ചിയിലെ മധ്യപ്രദേശ് സർക്കാർ ഉടമസ്ഥതയിലുള്ള തോട്ടത്തിലും കുരങ്ങുകളുണ്ട്. ഈ രണ്ടു കാട്ടിൽനിന്നും കൈവട്ടമൂല, പഴുപ്പത്തൂർ ഭാഗങ്ങളിൽ കുരങ്ങുകൾ എത്തുന്നുണ്ട്. കുരങ്ങുകൾക്കെതിരെ അധികൃതരോട് പരാതി പറഞ്ഞ് മടുത്തെന്ന് പഴുപ്പത്തൂർ ഡിവിഷൻ മെംബറും സ്ഥലവാസിയുമായ മേഴ്സി ടീച്ചർ പറഞ്ഞു. ഇവരുടെ ഒരേക്കറോളം വയലിലെ വാഴക്കൃഷി അടുത്തിടെ കുരങ്ങുകൾ നശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.