ആത്മവിശ്വാസം വാനോളമുണ്ട്; നന്ദനക്ക് ഡോക്ടറാകണം
text_fieldsസുൽത്താൻ ബത്തേരി: ശാരീരിക അവശതകളെ തെല്ലും കൂസാതെയാണ് കല്ലൂർ സരസ്വതിഭവൻ നാരായണെൻറയും ശോഭയുടേയും ഏക മകൾ നന്ദന പത്താംതരം പരീക്ഷയെഴുതി മിന്നുംവിജയം നേടിയത്. ഇപ്പോൾ ഡോക്ടറാകണമെന്ന മോഹമാണ്. ആത്മവിശ്വാസം ധാരാളമുള്ളപ്പോൾ വേറെ എന്താണ് തടസ്സമെന്ന് ഈ പതിനാറുകാരി ചോദിക്കുന്നു. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് അരക്കുതാഴെ തളർന്ന അവസ്ഥയിലാണ് നന്ദന.
കല്ലൂർ ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. ഓട്ടോ ഡ്രൈവറായ പിതാവായിരുന്നു നന്ദനയെ സ്കൂളിലെത്തിച്ചിരുന്നത്. അധ്യാപകരുടെ പിന്തുണ കൂടിയായതോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ വീട്ടിലെത്തി. എല്ലാവരേയും കസേരയിൽ ഇരുന്ന് നിറഞ്ഞ ചിരിയോടെയാണ് നന്ദന വരവേറ്റത്. സുൽത്താൻ ബത്തേരി റോട്ടറി ക്ലബ് പ്രവർത്തകർ ആശംസകളുമായി കഴിഞ്ഞദിവസം വീട്ടിലെത്തി. മെഡിക്കൽ പഠനത്തിനുള്ള സഹായങ്ങൾ റോട്ടറി ക്ലബ് ഭാരവാഹികൾ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.