സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങൾ ഉയരുന്നു
text_fieldsസുൽത്താൻ ബത്തേരി: ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങൾ ഉയരുന്നു. എല്ലാം പ്രവർത്തന സജ്ജമായാൽ ചികിത്സ സൗകര്യങ്ങൾ വിപുലമാകും. കൂടുതൽ താമസിയാതെ കെട്ടിടങ്ങളൊക്കെ ഉദ്ഘാടനത്തിന് തയാറാകും. നിർമാണം തുടരുകയാണ്.
20 കോടിയോളം രൂപ ചെലവിൽ നിർമിച്ച ആറുനില കെട്ടിടം കഴിഞ്ഞ ഫെബ്രുവരിയിലാണ് തുറന്നു നൽകിയത്. ഒ.പി, കാഷ്വാലിറ്റി, മെഡിക്കൽ സ്റ്റോർ, ടി.ബി യൂനിറ്റ് എന്നിവ ഇവിടെയാണ്. കെട്ടിടത്തിെൻറ എല്ലാ ഭാഗവും ഇപ്പോഴും ഉപയോഗപ്രദമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ, രോഗികൾക്ക് പുതിയ കെട്ടിടം കൊണ്ട് പ്രതീക്ഷിച്ചത്ര മെച്ചമുണ്ടായതായി പറയാൻ കഴിയില്ല. ഓപറേഷൻ തിയറ്റർ, ഐ.പി എന്നിവ ഈ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആദ്യ ഘട്ടത്തിൽ അതിന് സാധിച്ചില്ല.
പഴയ ബ്ലോക്ക് കൂടുതൽ വിപുലമാക്കുന്ന നിർമാണം ഇപ്പോൾ പരോഗമിക്കുന്നുണ്ട്. ഈ കെട്ടിടത്തിൽനിന്ന് പുതിയ ബ്ലോക്കിലേക്കുള്ള ൈഫ്ല ഓവർ നിർമാണം പൂർത്തിയായി. പുതിയ ബ്ലോക്കിന് പുറകിലാണ് പുതിയ കെട്ടിടങ്ങൾ വരുന്നത്. 58 രോഗികൾക്കുള്ള ഡയാലിസിസ് യൂനിറ്റ്, ആധുനിക സൗകര്യമുള്ള മോർച്ചറി, പോസ്റ്റ്മോർട്ടം യൂനിറ്റ്, എക്സ്-റേ എന്നിവയൊക്കെ സജ്ജമാണെന്ന് അധികൃതർ പറഞ്ഞു. ഒന്നര കോടി രൂപ ചെലവിൽ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറ് പ്രവർത്തിച്ചു തുടങ്ങി.
ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ കുറവുകൾ പരിഹരിക്കാനുള്ള നടപടികൾ ഇനി തകൃതിയായി നടക്കണം. നഗരത്തിൽ നിന്ന് ആശുപത്രിയിലേക്ക് പോകാൻ പൊലീസ് സ്റ്റേഷൻ റോഡ് വഴി മാത്രമേ സാധിച്ചിരുന്നുള്ളൂ. രാജീവ് ഗാന്ധി മിനി ബൈപാസ് ഉദ്ഘാടനം ചെയ്തതോടെ ചുള്ളിയോട് റോഡിൽനിന്ന് 900 മീറ്റർ സഞ്ചരിച്ചാൽ ആശുപത്രിയിലെത്താം. പാട്ടവയൽ റോഡിൽ നിന്നും ഇതേ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.