കല്ലൂർ റൂട്ടിൽ ബസില്ലാത്തത് യാത്രക്കാരെ വലക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിൽ ട്രിപ്പ്ൾ ലോക്ഡൗണായതിനാൽ സുൽത്താൻ ബത്തേരി-കല്ലൂർ റൂട്ടിൽ ബസ് സർവിസ് നിലച്ചു. പെരുന്നാൾ കണക്കിലെടുത്തുള്ള ലോക്ഡൗൺ ഇളവ് ജനത്തിന് പ്രയോജനപ്പെടുന്നില്ല. കല്ലൂർ, മുത്തങ്ങ, കല്ലുമുക്ക് എന്നിവിടങ്ങളിലേക്കൊക്കെ സുൽത്താൻ ബത്തേരിയിൽനിന്ന് നിരവധി സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നു.
അഞ്ച് ദിവസത്തോളമായി ബസുകളൊന്നും ഓടുന്നില്ല. നൂൽപുഴ പഞ്ചായത്തിലെ വടക്കേ അറ്റത്തുള്ള കരിപ്പൂരിലേക്ക് സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസും ഓട്ടം നിർത്തി. തിരുനെല്ലി, മൂലങ്കാവ്, നായ്ക്കട്ടി, കല്ലൂർ, കല്ലുമുക്ക്, മുത്തങ്ങ, പൊൻകുഴി എന്നീ പ്രദേശങ്ങളിലുള്ളവർ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി.
നിത്യോപയോഗ സാധനങ്ങൾക്കുള്ള ഏതാനും കടകൾ കല്ലൂരിൽ ഞായറാഴ്ച തുറന്നു. നായ്ക്കട്ടി, മൂലങ്കാവ് എന്നിവിടങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.
കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ആദിവാസി മേഖലയായ കരിപ്പൂരിലുള്ളവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് സുൽത്താൻ ബത്തേരിയിലെത്താൻ ടാക്സിയെ ആശ്രയിക്കണം.
ഓടപ്പള്ളം, പള്ളിപ്പടി, കരിവള്ളിക്കുന്ന്, വള്ളുവാടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും കെ.എസ്.ആർ.ടി.സിയായിരുന്നു ആശ്രയം. നെന്മേനി പഞ്ചായത്തിലും ഏതാനും ദിവസങ്ങളായി ബസ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
സുൽത്താൻ ബത്തേരിയിൽനിന്ന് തമിഴ്നാട് അതിർത്തിയായ താളൂരിലേക്ക് ബസില്ല. പഞ്ചായത്തിലെ പൊതുഗതാഗതം ഞായറാഴ്ച പൊലീസ് തടഞ്ഞിരുന്നു. ഇളവ് സംബന്ധിച്ചുള്ള അറിയിപ്പിൽ വ്യക്തതയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.