പണം പിടിച്ചെടുത്തതിന് രേഖയില്ല; മുത്തങ്ങയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsസുൽത്താൻ ബത്തേരി: കർണാടക അതിർത്തി കടന്നെത്തിയ യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്തതിന്‍റെ പേരിൽ ഒമ്പത് ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിടിച്ചെടുത്ത പണം സംബന്ധിച്ച കാര്യങ്ങൾ ഓഫിസ് രേഖകളിൽ വ്യക്തമായി രേഖപ്പെടുത്താത്തതിനാലാണ് വകുപ്പുതല നടപടിയെടുത്തത്.
മുത്തങ്ങയിലെ പ്രിവന്റീവ് ഓഫിസർ പി.എ. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ. മൻസൂർ അലി, എം.സി. സനൂപ് എന്നിവരെയാണ് കൽപറ്റയിലേക്കും മറ്റും സ്ഥലം മാറ്റിയത്. പകരം വി.ആർ. ബാബുരാജ്, വി.ബി. നിഷാദ്, കെ.വി. പ്രകാശൻ എന്നിവരെ മുത്തങ്ങയിലേക്കും നിയമിച്ച് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഉത്തരവിറക്കി.
കഴിഞ്ഞ 13ന് പുലർച്ചെ ഗുണ്ടൽപേട്ടയിൽനിന്ന് ബസിൽ എത്തിയ യാത്രക്കാരനിൽനിന്നാണ് ഒമ്പത് ലക്ഷം പിടിച്ചെടുത്തത്. ഇദ്ദേഹത്തിന്‍റെ പക്കൽ രേഖകളില്ലായിരുന്നു. ഉച്ചയോടുകൂടി രേഖകളുമായി ഉടമസ്ഥന്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോള്‍ ഇങ്ങനെയൊരു പണം പിടികൂടിയ കാര്യത്തെക്കുറിച്ച് ആ സമയം ജോലിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നില്ല. പണം പിടികൂടിയ സമയത്തുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറിയിരുന്നു.
രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പണം കണ്ടെത്തിയിട്ടില്ല എന്നും മറ്റേതെങ്കിലും ചെക്‌പോസ്റ്റിൽ നടന്ന സംഭവം ആയിരിക്കാമെന്നുമുള്ള രീതിയിലാണ് മറുപടി നല്‍കിയത്. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പണം വാങ്ങിയ ഉദ്യോഗസ്ഥരെക്കൊണ്ട് പണം എണ്ണിത്തിട്ടപ്പെടുത്തി ഉടമസ്ഥന് തിരികെ നല്‍കിക്കുകയായിരുന്നു.
പണം പിടികൂടിയതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പാലിക്കാത്തതും വിവരം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും ഗുരുതര അച്ചടക്കലംഘനമാണെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും ശിക്ഷാനടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.