വാഹനസൗകര്യമില്ല; നൂൽപുഴയിൽ സ്കൂളിൽ പോകാനാവാതെ 500ഓളം വിദ്യാർഥികൾ
text_fieldsസുൽത്താൻ ബത്തേരി: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയിൽ നൂൽപുഴയിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിൽ പോകാനാവുന്നില്ലെന്ന് ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വിവിധ കോളനികളിലെ 500 ഓളം വിദ്യാർഥികളാണ് പഞ്ചായത്ത് വാഹന സൗകര്യം ഏർപ്പെടുത്തുന്നതും കാത്തിരിക്കുന്നത്. സംഭവത്തിൽ 16ന് പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പൊൻകുഴി, ചെട്ട്യാലത്തൂർ, യൂക്കാലിക്കുനി, മൈക്കര, കോളൂർ, കടമ്പക്കാട്, ചുണ്ടപ്പാടി, മണിമുണ്ട, പിലാക്കാവ്, തോട്ടാമൂല, കാരപ്പൂതാടി, ഓടക്കൊല്ലി, പാമ്പുംകൊല്ലി കോളനികളിൽനിന്നാണ് വിദ്യാർഥികൾക്ക് സ്കൂളിൽ പോകേണ്ടത്. പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിൽപ്പെട്ടവരാണ് കൂടുതലും. ഗോത്രസാരഥി പദ്ധതിയിൽ മുൻവർഷങ്ങളിൽ പഞ്ചായത്ത് വാഹന സൗകര്യം ഒരുക്കിയിരുന്നു.
ഒരുമാസം പഞ്ചായത്തിന് മൂന്നുലക്ഷം രൂപയോളം ഇക്കാര്യത്തിൽ ചെലവുവരും.
ജില്ലയിൽ 3750 കുടുംബങ്ങളുള്ള നൂൽപുഴ പഞ്ചായത്ത് ആദിവാസി ജനസംഖ്യയിൽ ജില്ലയിൽ രണ്ടാമതാണ്.
എന്നിട്ടും പഞ്ചായത്ത് ഭരണസമിതി ആദിവാസികളെ ഗൗനിക്കുന്നില്ലെന്നും എ.കെ.എസ് നേതാക്കൾ ആരോപിച്ചു. കെ.എം. സിന്ധു, സി. അനിൽ, എ.സി. ശശീന്ദ്രൻ, കനകരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.