നൂൽപാലത്തിലാകുമോ, നൂൽപ്പുഴ പഞ്ചായത്ത് ഭരണം ?
text_fieldsസുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്ത് ഭരണത്തിൽ അട്ടിമറിക്ക് കാതോർത്ത് ഇടതുപക്ഷം കരുക്കൾ നീക്കുമ്പോൾ ജാഗ്രതയോടെ യു.ഡി.എഫ്. തേലംപറ്റ വാർഡിലെ അംഗത്തെ മുൻനിർത്തിയുള്ള വിവാദം പുതിയ രാഷ്ട്രീയ കളികളുടെ ഭാഗമാണ്. മുസ്‍ലിം ലീഗിലെ അഭ്യന്തര പ്രശ്നം പാർട്ടി നേതാക്കൾ ഇടപെട്ട് പറഞ്ഞുതീർത്തതോടെ പഞ്ചായത്ത് ഭരണത്തിൽ പെട്ടെന്നുള്ള അട്ടിമറി സാധ്യത ഇല്ലാതായിരിക്കുകയാണ്.
15ാം വാർഡായ തേലം പറ്റയിൽ മുസ്‍ലിം ലീഗിന്‍റെ മിനി സതീശാണ് അംഗം. ഈ വാർഡിലേക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ഒരു സബ് സെന്‍റർ അനുവദിച്ചിട്ടുണ്ട്. സബ് സെന്‍റർ വാർഡിലെ ഏത് സ്ഥലത്ത് സ്ഥാപിക്കണമെന്ന കാര്യത്തിൽ ലീഗ് നേതൃത്വവും മെംബറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി.
ആട്ടുകൊല്ലിയിൽ സ്ഥാപിക്കണമെന്ന മെംബറുടെ അഭിപ്രായം മാനിക്കാതെ ചിറക്കമ്പത്ത് സ്ഥാപിക്കാൻ ലീഗ് നേതൃത്വം നീക്കം നടത്തി. ഇതറിഞ്ഞ ഇടതുപക്ഷം അട്ടിമറി സാധ്യത മുന്നിൽ കണ്ട് പ്രചാരണം നടത്തിയതോടെ ലീഗ് വെട്ടിലാകുകയായിരുന്നു. ഇടതിന്‍റെ ഉറച്ച കോട്ടയായിരുന്ന നൂൽപ്പുഴയിൽ വലിയ അട്ടിമറിയിലൂടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരം പിടിച്ചത്. 17 വാർഡുകളുള്ളതിൽ യു.ഡി.എഫിന് ഒമ്പത് അംഗങ്ങളാണ്.
എൽ.ഡി.എഫിന് ആറ് അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ഒരു ബി.ജെ.പിയുമാണ് മറ്റ് അംഗങ്ങൾ. സജീവ സി.പി.എം പ്രവർത്തകനായിരുന്ന സണ്ണി തയ്യിലാണ് സ്വതന്ത്ര അംഗം. യു.ഡി.എഫിൽ നിന്നും ഒരംഗത്തെ അടർത്തി എടുത്താൽ പോലും ഭരണത്തിൽ അട്ടിമറി സാധ്യത ഇടതുപക്ഷം കണക്കുകൂട്ടുന്നുണ്ട്. പുതിയ വിവാദങ്ങളും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ.
താൻ രാജിക്ക് തുനിഞ്ഞുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വാർഡ് അംഗം മിനി സതീശൻ പറഞ്ഞു. ലീഗ് നേതൃത്വവുമായി ഒരു തർക്കവുമില്ല. സബ് സെന്‍റർ സ്ഥാപിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് വാർഡ് അംഗവുമായി ചെറിയ തർക്കം ഉണ്ടായിരുന്നുവെന്നും അത് പറഞ്ഞു തീർത്തുവെന്നും മുസ്‍ലിംലീഗ് ജില്ല കൺവീനർ ടി. മുഹമ്മദ് പ്രതികരിച്ചു.
തർക്കമുള്ള രണ്ടു സ്ഥലങ്ങൾ ഒഴിവാക്കി മൂന്നാമതൊരു സ്ഥലമാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച താൻ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് കോട്ടനോട് വാർഡ് മെംബർ സണ്ണി തയ്യിൽ പറഞ്ഞു.
പഞ്ചായത്ത് ഭരണത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികൾക്ക് തന്‍റെ പിന്തുണയില്ല. സി.പി.എമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട താൻ ഉടൻ സി.പി.എമ്മിന് പിന്തുണ കൊടുക്കുമെന്ന പ്രചരണം വിശ്വസിക്കേണ്ടതില്ലെന്നും സണ്ണി തയ്യിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.