രാത്രിയാത്ര നിരോധനം: കുട്ട-ഗോണിക്കുപ്പ റോഡ് ബദലാവില്ല; മുഖ്യമന്ത്രിക്ക് എം.എല്‍.എ കത്ത് നല്കി
text_fieldsസുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധന വിഷയത്തില്‍ കുട്ട-ഗോണിക്കുപ്പ ബദല്പാതക്കുള്ള നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്നും പ്രായോഗിക പോംവഴി രൂപപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, രാഹുല്‍ ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ക്ക് കത്ത് നല്കി. കോഴിക്കോട്-മൈസൂരു-കൊല്ലഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പൂര്‍ വനത്തിലെ 19 കിലോമീറ്റര്‍ ദൂരത്തില്‍ 2009 മുതലാണ് രാത്രിയാത്ര നിരോധനം നിലവില്‍വന്നത്. കുട്ട-ഗോണിക്കുപ്പ വഴിയുള്ള പാത എന്‍.എച്ച് 766ന് ബദല്പാതയല്ലെന്ന് കേരളം, കര്‍ണാടക-കേന്ദ്ര സര്‍ക്കാറുകളേയും ദേശീയപാത അതോറിറ്റിയേയും അറിയിക്കുക, രാത്രിയാത്ര നിരോധനമുളള 19 കീ.മി പ്രദേശത്ത് മേൽപാലങ്ങള് നിർമിക്കാന്‍ അനുമതി ആവശ്യപ്പെടുക, ബദല്‍പാത നിര്‍ദേശത്തില്‍ കര്‍ണാടക-കേന്ദ്ര സര്‍ക്കാറുകള്‍ ഉറച്ചുനിന്നാല്‍ നാറ്റ്പാക് റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെടുക എന്നീ നിര്‍ദേശങ്ങൾ എം.എല്‍.എ ഉന്നയിച്ചു. നിരോധനമുള്ള 19 കിലോമീറ്റര്‍ ദൂരം മറികടക്കാൻ മൈസൂരു മുതല്‍ കല്പറ്റവരെ 140 കി.മീ ദൂരത്തില്‍ ദേശീയപാത വഴിതിരിച്ചുവിടുന്നതിലെ അപ്രായോഗികതയും പ്രശ്നം പരിഹരിക്കാനുളള പ്രായോഗിക മാര്‍ഗങ്ങളും സുപ്രീംകോടതിയുടെയോ, കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകളുടെ മുമ്പാകെയോ ഫലപ്രദമായി നിർദേശിക്കപ്പെട്ടിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു.
രാത്രിയാത്ര നിരോധനമുള്ള ഭാഗത്ത് മേല്‍പാലം നിർമിക്കാന്‍ കേന്ദ്രസര്‍ക്കാർ നിർദേശിച്ചപ്പോള്‍ ചെലവിെൻറ പകുതി വഹിക്കാന്‍ കേരളസര്‍ക്കാര്‍ തയാറാകുകയും 250 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. എന്നാല്‍, ഈ നിർദേശം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചില്ല. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും കുട്ട-ഗോണിക്കുപ്പ ബദല്‍പാത നിർദേശമാണ് നല്‍കിയത്. സമിതിയിലെ കേരള ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചകാരണമാണ് കുട്ട-ഗോണിക്കുപ്പ പാത ബദല്‍പാതയായി വികസിപ്പിച്ച് എന്‍.എച്ച് 766 പൂര്‍ണമായി അടച്ചുപൂട്ടുന്നത് സംബന്ധിച്ച നിർദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് എന്ന് എം.എൽ.എ ആരോപിച്ചു. ഇതനുസരിച്ച് കുട്ട-ഗോണിക്കുപ്പ വഴിയുളള പാത എന്‍.എച്ച് 766ന് ബദല്‍പാതയായി വികസിപ്പിക്കുന്നതിനുള്ള ഡി.പി.ആര് ദേശീയപാത അതോറിറ്റി തയാറാക്കുന്നുണ്ട്. മറ്റ് യാത്രാമാര്ഗങ്ങളില്ലാത്ത വയനാടിന് എന്‍.എച്ച് 766 ജീവനാഡിയാണ്. കോഴിക്കോട് മുതല്‍ കേരള അതിര്‍ത്തിവരെയുള്ള പ്രദേശങ്ങളില്‍നിന്ന് ഈ ബദല്‍പാത വഴി മൈസൂരുവിലേക്കുള്ള യാത്രാസമയം നിലവിലെ പാതയെക്കാള്‍ രണ്ടര മണിക്കൂറിലധികം കൂടുതലാണ്. കൈനാട്ടി മുതല്‍ മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട, ബേഗൂര്‍, നഞ്ചന്‍ഗോഡ് തുടങ്ങിയ പ്രധാന പട്ടണങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ബദല്‍പാത വന്നാല്‍ ദേശീയപാതയില്‍നിന്ന് ഒഴിവാക്കപ്പെടും.
സുപ്രീംകോടതിയിലെ കേസിലോ വിദഗ്ധസമിതി പരിശോധനകളിലോ നാറ്റ്പാക് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ല. എന്‍.എച്ച് 766 അടച്ചുപൂട്ടുന്നതിനെതിരെ രണ്ട് വര്‍ഷം മുമ്പ് നടന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് ഉപാധിയായി, കുട്ട-ഗോണിക്കുപ്പ പാത എന്‍.എച്ച് 766ന് ബദല്‍പാതയായി അംഗീകരിക്കില്ലെന്നും കര്‍ണാടക-കേന്ദ്ര സര്‍ക്കാറുകളുമായി ചര്‍ച്ച നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനാൽ, സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.