കടൽ കണ്ടിട്ടില്ലെന്ന് വയോജനങ്ങൾ; ആഗ്രഹം നിറവേറ്റി വാർഡ് അംഗം
text_fieldsസുൽത്താൻ ബത്തേരി: തൊണ്ണൂറിലധികം വയസ്സുള്ള നെന്മേനി പുഞ്ചവയൽ മാളുവടക്കമുള്ള സംഘം കഴിഞ്ഞദിവസം ചുരമിറങ്ങി. 80ലധികം വയസ്സുള്ള ബീവിയും ദേവകിയുമൊക്കെ സംഘത്തിലുണ്ടായിരുന്നു. 47 അംഗ സംഘത്തിൽ പലരും ആദ്യമായാണ് ചുരം കാണുന്നത്. ചുരമിറങ്ങിയവർ കടലും കണ്ടു. ശാസ്ത്ര മുന്നേറ്റത്തിന്റെ കഥ പറയുന്ന കോഴിക്കോട് പ്ലാനറ്റേറിയം കണ്ടു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാലാം വാർഡ് മെംബറുമായ റ്റിജി ചെറുതോട്ടിലാണ് തന്റെ വാർഡിലെ പട്ടിക വർഗക്കാരായ വയോജനങ്ങൾ അടക്കമുള്ളവരെ സൗജന്യ വിനോദയാത്രക്ക് കൊണ്ടുപോയത്.
സൗഹൃദ സംഭാഷണത്തിനിടയിൽ ഇതുവരെ കടലുകണ്ടിട്ടില്ലെന്ന് ചിലർ പറഞ്ഞതോടെയാണ് റ്റിജി ചെറുതോട്ടിലിന് മനസ്സിൽ ഈ ആശയം ഉദിച്ചത്. ആവശ്യമായ സാമ്പത്തിക സഹായം റോട്ടറി ക്ലബ് നൽകാമെന്നേറ്റു.
ഇന്ധനം മാത്രം നൽകിയാൽ ബസ് വിട്ടുനൽകാമെന്ന് ബത്തേരിയിലെ അബി ട്രാവൽസ് ഉടമ ഷാജിയും പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് പുറപ്പെട്ട സംഘം രാത്രി ഒമ്പതു മണിയോടെ തിരിച്ചെത്തി.
തൊഴിലുറപ്പ് മേറ്റുമാരും ഹരിത കർമ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് കെ.വി. പ്രതീഷ്, കെ.ആർ. അഭിലാഷ്, ഡോ. സലീം, ടി. ജയചന്ദ്രൻ, എസ്.ടി പ്രമോട്ടർ പ്രമീള പുഞ്ചവയൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.