ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പ്; 29 പേരില്‍ നിന്നായി 53 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
text_fieldsസുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ബിസിനസ് മണി സ്കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിയാളുകളില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം, എടക്കര, മരക്കാരകത്ത് വീട്, ടി.എം. ആസിഫിനെയാണ് (46) വിദേശത്ത് നിന്ന് തിരിച്ചു വരവേ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഞായാറാഴ്ച രാത്രി സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്ക് മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ സമാന കേസുണ്ട്.
ഓണ്‍ലൈന്‍ ബിസിനസാണെന്ന് പറഞ്ഞ് മണി സ്കീമിലേക്ക് ആളെ ചേര്‍ക്കുന്നതിനായി 'മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വിസസ്, ഇന്റര്‍നാഷനല്‍ എല്‍.എല്‍.പി' എന്ന കമ്പനിയുടെ പേരില്‍ ബത്തേരിയിലെ ഹോട്ടലില്‍ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്. ആളുകളെ ഓണ്‍ലൈന്‍ വേള്‍ഡ് ലെവല്‍ ബിസിനസ് ചെയ്യാമെന്ന് പ്രേരിപ്പിച്ച് നിക്ഷേപങ്ങള്‍ നേടിയെടുത്തു. പരാതിക്കാരനില്‍നിന്ന് 55,000 രൂപയാണ് കവര്‍ന്നത്. 29 പേരില്‍ നിന്നായി 5320000 രൂപ നേടിയെടുത്ത ശേഷം വരുമാനമോ അടച്ചതുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഈ കമ്പനിയുടെ പേരില്‍ ജില്ലകള്‍ തോറും പ്രമോട്ടര്‍മാരെ നിയമിച്ചു നിരവധി ആളുകളില്‍നിന്ന് അനധികൃതമായി പണം നേടിയെടുത്തിട്ടുണ്ട്. കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന സ്വഭാവമുള്ള കേസുകളുണ്ട്. ഈ കേസില്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരും ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരുമുള്‍പ്പെടെ ഒമ്പതു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.