നെല്ല് സംഭരണം: കർണാടക നെല്ലും കയറ്റിപ്പോകാൻ സാധ്യത
text_fieldsസുൽത്താൻ ബത്തേരി: നെൽകർഷകരെ സഹായിക്കാൻ സപ്ലൈകോ നടത്തുന്ന നെല്ല് സംഭരണത്തിൽ കർണാടകയിൽനിന്നുള്ള നെല്ലും കയറ്റിപ്പോകാൻ സാധ്യതയെന്ന് ആക്ഷേപം. ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോയുടെ സംഭരണം വലിയ ആശ്വാസമാകുന്നുണ്ടെങ്കിലും സംഭരണത്തിലെ പാകപ്പിഴ സംബന്ധിച്ച് പലയിടത്തുനിന്നും ആക്ഷേപം ഉയരുന്നുണ്ട്. കർണാടകയിൽ നിന്നും എത്തിക്കുന്ന നെല്ല് സപ്ലൈകോക്ക് മറിച്ചുവിൽക്കുന്ന സംഘം കഴിഞ്ഞ വർഷം ജില്ലയിൽ സജീവമായിരുന്നു. ഇത്തവണയും അവർ രംഗത്തുണ്ടെന്നാണ് ചിലയിടങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
ഒരു കിലോ നെല്ലിന് 28 രൂപയോളം കൊടുത്താണ് സപ്ലൈകോ സംഭരിക്കുന്നത്. ഒരേക്കർ വയലുള്ളവർക്ക് 20 ക്വിൻറൽ വരെ കൊടുക്കാം. ടൺ കണക്കിന് നെല്ലാണ് ജില്ലയിൽനിന്ന് കയറ്റിപ്പോകുന്നത്. പൊതു മാർക്കറ്റിൽ നെല്ലിന് കിലോക്ക് 20 രൂപയിൽ താഴെയാണ് വില. അതിനാൽ, സപ്ലൈകോക്ക് വിൽക്കുമ്പോൾ കർഷകന് മോശമല്ലാത്ത വില ലഭിക്കുന്നുണ്ട്. കർണാടകയിൽ 12-14 രൂപയേ നെല്ലിനുള്ളു. ഇത് ടൺ കണക്കിന് വാങ്ങി ജില്ലയിലെത്തിച്ച് ചില രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വിൽക്കുന്നത്. നെല്ല് വിൽക്കാൻ കർഷകന് നികുതി ശീട്ട് ആവശ്യമാണ്. കൃഷിയില്ലാത്ത നെൽവയലിെൻറയും മറ്റും നികുതി ശീട്ട് വെച്ചാണ് കർണാടക നെല്ല് വിൽക്കുന്നത്. പനമരത്ത് മുൻ വർഷങ്ങളിൽ ഈ രീതിയിലുള്ള 'ഇടപാട്' നടന്നിട്ടുള്ളതായി കർഷകർ പറയുന്നു.
നികുതി ശീട്ട് ഹാജരാക്കുന്ന ആൾ യഥാർഥത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ടോ എന്ന് സപ്ലൈകോ ഉറപ്പുവരുത്തിയാൽ കർണാടക നെല്ല് വിൽക്കാനാവില്ല. ഇത്തരത്തിലുള്ള ഉറപ്പുവരുത്തൽ കാര്യമായി നടക്കുന്നില്ലെന്നാണ് വിവരം. സപ്ലൈകോ പറയുന്ന കേന്ദ്രങ്ങളിൽ നെല്ല് ചാക്കുകളിലാക്കി എത്തിക്കുകയാണ് കർഷകർ ചെയ്യുന്നത്. കർണാടക നെല്ല് ഇവിടത്തെ നെല്ലുമായി കൂട്ടിക്കലർത്തിയാൽ പരിശോധനയിലൂടെ കണ്ടെത്താനാവില്ലെന്ന് കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നെല്ല് സംശയകരമായ രീതിയിൽ സംഭരിച്ചുവെച്ച ചില കേന്ദ്രങ്ങളിൽ ജില്ല കൃഷി അധികൃതർ തിങ്കളാഴ്ച പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.