ഓട്ടോ സമാന്തര സർവിസ്; ബത്തേരിയിൽ സ്വകാര്യ ബസുകൾ പണിമുടക്കി
text_fieldsസുൽത്താൻ ബത്തേരി: ഓട്ടോകളുടെ സമാന്തര സർവിസിനെ തുടർന്നുള്ള സംഘർഷത്തെത്തുടർന്ന് ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ബസുകൾ ഓടിയില്ല.
പൊലീസ് ഏകപക്ഷീയമായി കേസെടുക്കുന്നുവെന്നാരോപിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ താലൂക്കിൽ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു. കൽപറ്റ, മാനന്തവാടി, വടുവഞ്ചാൽ, പുൽപള്ളി തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവിസുകൾ മുടങ്ങി.
ഓട്ടോറിക്ഷകൾ സമാന്തര സർവിസ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് കുറച്ചു ദിവസമായി സുൽത്താൻ ബത്തേരിയിൽ സ്വകാര്യ ബസ് തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ശനിയാഴ്ച മൂലങ്കാവിൽ ഓട്ടോ ഡ്രൈവറും ബസ് ജീവനക്കാരും ഏറ്റുമുട്ടിയിരുന്നു. ഓട്ടോ തൊഴിലാളിക്ക് പരിക്കേറ്റു. ഇരു വിഭാഗവും ചികിത്സ തേടി. ഈ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്നായിരുന്നു സമരം.
സുൽത്താൻ ബത്തേരി-കല്ലൂർ, ബത്തേരി-താളൂർ, ബത്തേരി-നമ്പ്യാർകുന്ന് റൂട്ടുകളിലാണ് ഓട്ടോകളുടെ സമാന്തര സർവിസ് തലവേദനയാകുന്നതെന്ന് ബസ് തൊഴിലാളികൾ പറയുന്നു.
തർക്കങ്ങൾ പല തവണ സംഘർഷത്തിന്റെ വക്കിലെത്തിയിരുന്നു.ബസുകൾക്ക് തൊട്ടുമുന്നിലോടി സ്റ്റോപ്പുകളിൽനിന്ന് ഓട്ടോകൾ യാത്രക്കാരെ കയറ്റുന്നുവെന്നാണ് ബസുകാർ പറയുന്നത്. എന്നാൽ, യാത്രക്കാർ ട്രിപ് വിളിച്ചു പോകുന്നവരാണെന്നാണ് ഓട്ടോക്കാരുടെ വാദം. ഞായറാഴ്ച സുൽത്താൻ ബത്തേരി നഗരത്തിൽ ഓട്ടോ തൊഴിലാളികളും ബസ് തൊഴിലാളികളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.