മാറോടുകാർ പറയുന്നു നാട്ടിൽ വികസനമില്ല
text_fieldsസുൽത്താൻ ബത്തേരി: രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്ന പ്രദേശമാണ് നൂൽപുഴ പഞ്ചായത്തിലെ മാറോട്. 135 ഗോത്ര കുടുംബങ്ങൾ ഉൾപ്പെടെ 250ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും നാട്ടിൽ വികസനം എത്തിയിട്ടില്ല.
ഗ്രാമത്തിൽ അത്യാവശ്യം വേണ്ടത് വാഹന സൗകര്യമാണെന്ന് മാറോടുകാർ പറയുന്നു. രണ്ടര കിലോമീറ്റർ അകലെ കല്ലുമുക്കിൽ എത്താനുള്ള സൗകര്യമാണ് ഇവിടെ അടിയന്തരമായി ഒരുക്കേണ്ടത്.
കല്ലുമുക്കിൽനിന്ന് മാറോടേക്ക് റോഡുണ്ട്. ഇവിടത്തെ ട്രാൻസ്ഫോർമർ പരിസരം വരെ റോഡ് ടാർ ചെയ്തിട്ടുമുണ്ട്. എന്നാൽ, കല്ലുമുക്ക് വരെയേ ബസ് സൗകര്യമുള്ളൂ. കാട്ടാനയുടെ ആക്രമണത്തിനിരയായി പരിക്കേൽക്കുകയും മരണത്തിന് കീഴടങ്ങേണ്ടിവരുകയും ചെയ്തവർ ഗ്രാമത്തിൽ നിരവധിയാണ്.
വന്യമൃഗശല്യത്താൽ ദുരിതമനുഭവിക്കുന്നവരെ പുറംലോകത്തെത്തിക്കാൻപോലും യാത്രാസൗകര്യമില്ല. നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ അഞ്ചു കിലോമീറ്റർ അകലെയുള്ള കല്ലൂരിലെത്തണം. കുട്ടികൾക്ക് സ്കൂളിൽ പോകാനും കിലോമീറ്ററുകൾ കാൽനടയാത്ര ചെയ്യണം.
കഴിഞ്ഞ ജൂണിൽ കാട്ടാനയുടെ ആക്രമണത്തിൽ മാറോട് രാജു എന്നയാൾ കൊല്ലപ്പെട്ടു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് അന്ന് സ്ഥലത്തെത്തിയ വനം മന്ത്രിയും പട്ടികവർഗ മന്ത്രിയും മാറോട് ഗ്രാമത്തിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരം ഉടൻ കാണുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്ന് തെരുവുവിളക്ക്, വനാതിർത്തികളിലുള്ള തൂക്ക് ഫെൻസിങ് എന്നിവ നടപ്പാക്കി. 16 തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും പകുതി എണ്ണം പോലും ഇപ്പോൾ കത്തുന്നില്ല.
ഗ്രാമത്തിലേക്ക് ഒരു ബസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ കല്ലുമുക്ക് വരെ ബസ് വന്ന് തിരിച്ചു പോകുകയാണ്.
സുൽത്താൻ ബത്തേരിയിൽനിന്ന് കല്ലൂർ-കല്ലുമുക്ക് -കടമ്പക്കാട് ഫോറസ്റ്റ് സ്റ്റേഷൻ വരെ അഞ്ചു സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. ഇതിൽ ഒരു ബസ് രാവിലെയും വൈകീട്ടും മാറോട് വരെ ദീർഘിപ്പിച്ചാൽ ജനങ്ങളുടെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.