മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
text_fieldsസുൽത്താൻ ബത്തേരി: കനത്ത മഴയിൽ മുത്തങ്ങ പുഴ കരകവിഞ്ഞൊഴുകി ദേശീയപാതയിൽ വെള്ളം കയറിയതോടെ മുത്തങ്ങ വനമേഖലയിൽ കുടുങ്ങിയ നാനൂറോളം യാത്രക്കാരെ രക്ഷപ്പെടുത്തി. ബസുകൾ, കാറുകൾ, ലോറികൾ, ട്രാവലറുകൾ തുടങ്ങിയവയാണ് വെള്ളക്കെട്ടിൽ വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച രാത്രി കുടുങ്ങിയത്. ഈ മേഖലയിൽ ഒമ്പതു മണി മുതൽ രാത്രി യാത്ര നിരോധനമുള്ളതിനാൽ വാഹനങ്ങളൊക്കെ നേരത്തെ എത്തിയതായിരുന്നു. കർണാടകയിലേക്ക് പോകുന്നതും കേരളത്തിലേക്ക് വരുന്നതുമായ വാഹനങ്ങളാണ് കുടുങ്ങിയത്. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴക്കിടെയായിരുന്നു രക്ഷാദൗത്യം. വ്യാഴാഴ്ച രാത്രി 12ന് തുടങ്ങിയ രക്ഷാ ദൗത്യം വെള്ളിയാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പൂർത്തിയായത്.
കാട്ടിൽ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് സുൽത്താൻ ബത്തേരി വികസനം വാട്ട്സ് ആപ്പ് കൂട്ടായ്മ ഭക്ഷണം എത്തിച്ചു നൽകി. ആറു മണിക്കൂറായി ഭക്ഷണമില്ലാതെ വലഞ്ഞവരും വാഹനങ്ങളിലുണ്ടായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ബത്തേരി വികസനം കൂട്ടായ്മയിലെ എ.പി. മുസ്തഫ പറഞ്ഞു. വനം വകുപ്പിന്റെയും അഗ്നിരക്ഷ സേനയുടെയും സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുമെത്തിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. മുത്തങ്ങക്കും പൊൻകുഴി അമ്പലത്തിനും ഇടയിലുള്ള ഭാഗം, മുതുമല ചെക്ക് പോസ്റ്റ്, തകരപ്പാടി എന്നിവിടങ്ങളിലൊക്കെ റോഡ് വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച രാവിലെ വെള്ളക്കെട്ട് ഒഴിവായതോടെ ഗതാഗതം പുനസ്ഥാപിച്ചു.
അഗ്നിരക്ഷ സേന, പൊലീസ് എന്നിവരോടൊപ്പം വി.കെ. യഹിയ, ബത്തേരി മുനിസിപ്പാലിറ്റി കൗൺസിലർ പി. സംഷാദ്, ജംഷീർ, എം. നൗഷാദ്, ശയാസ്, അബുബക്കർ,ഫസിം, റിയാസ് മൈതാനി, ജിനോ ജോസഫ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.