പിടികൊടുക്കാതെ പി.എം-2; ദൗത്യം ഇന്ന് തുടരും
text_fieldsസുൽത്താൻ ബത്തേരി: വെള്ളിയാഴ്ച സുൽത്താൻ ബത്തേരി ടൗണിൽ ഭീതി പരത്തിയ പി.എം- 2 (പന്തല്ലൂര് മെക്കന-2) എന്ന കാട്ടാനയെ പിടികൂടാനുള്ള ഞായറാഴ്ചത്തെ ദൗത്യം വിഫലമായി. മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിക്കാനാണ് തീരുമാനിച്ചത്.
ദൗത്യസംഘം കാട്ടാനയെ പിന്തുടർന്നുവെങ്കിലും ഒരു കൊമ്പനാന പി.എം-2 ന്റെ സമീപത്തുണ്ടായത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഞായറാഴ്ച വൈകീട്ട് ആന പഴുപ്പത്തൂർ ചപ്പക്കൊല്ലി ഭാഗത്താണുള്ളത്. കട്ടയാട്, മുള്ളൻകുന്ന് ഭാനത്തായിരുന്നു കാട്ടാന ഞായറാഴ്ച വെളുപ്പിന് നിലയുറപ്പിച്ചത്. ദൗത്യസംഘം പിന്തുടർന്നതോടെ കാട്ടിലൂടെ നീങ്ങി. ഉച്ചയോടെ കുപ്പാടി, അഞ്ചാംമൈൽ ഭാഗത്തെത്തി. ഇതിനിടയിലാണ് കൊമ്പന്റെ സാന്നിധ്യമുണ്ടായത്.
ഇതോടെ മയക്കുവെടി വെക്കുക എന്നത് കൂടുതൽ ദുഷ്കരമായി. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 150 അംഗ വനപാലകരാണ് കാട് കയറിയത്. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളും സംഘത്തോടൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴരക്ക് ദൗത്യം പുനരാരംഭിക്കുമെന്ന് റേഞ്ച് ഓഫിസർ രഞ്ജിത്ത് കുമാർ പറഞ്ഞു.
ഞായറാഴ്ച രാവിലെ 7.30നാണ് ദൗത്യം ആരംഭിച്ചത്. റേഡിയോ കോളറുള്ളതിനാൽ കാട്ടാനയെ രാവിലെ തന്നെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും വളരെ വേഗത്തിൽ ആന കാട്ടിലൂടെ നീങ്ങിയതിനാൽ മയക്കുവെടി വെക്കാനായില്ല. ഇതിനിടയിലാണ് മറ്റൊരു കൊമ്പനും കാട്ടാനക്കൊപ്പം കൂടിയത്. കുത്തനെയുള്ള ഇറക്കങ്ങളിലും കുന്നുകളിലും ചതുപ്പു പ്രദേശങ്ങളിലുമായാണ് കാട്ടാന കൂടുതലായി നിലയുറപ്പിച്ചത്. ഇതിനാൽ തന്നെ ഈ സമയങ്ങളിൽ മയക്കുവെടിവെക്കാൻ കഴിയാത്ത സാഹചര്യവമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.