പൊലീസിന്റെ അതിജാഗ്രത; മുത്തങ്ങയിലേത് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട
text_fieldsസുൽത്താൻ ബത്തേരി: രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മുത്തങ്ങ തകരപ്പാടിയില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നില്‍ ലഹരിക്കടത്ത് സംഘം വന്നുപെടുകയായിരുന്നു. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ്ലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൽ പീടികയിൽ ജാസിം അലി (26), പുതിയ വീട്ടിൽ അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്.
സംശയം തോന്നിയ പൊലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയില്‍ കാറിന്റെ പിറകിലെ മ്യൂസിക് സിസ്റ്റം ഇളകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മ്യൂസിക് സിസ്റ്റം മാറ്റിയതോടെയാണ് അതിനടിയില്‍ പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.
പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ബംഗളൂരുവിൽനിന്നാണ് വലിയ അളവില്‍ എം.ഡി.എം.എ വാങ്ങിയതെന്ന് മൂവരും പൊലീസിനോട് വെളിപ്പെടുത്തി. എട്ട് ലക്ഷം രൂപയാണ് 492 ഗ്രാം എം.ഡി.എം.എക്ക് ബംഗളൂരുവിൽ നല്കിയ വില.
ഇത് ചില്ലറ വിൽപ്പന നടത്തുമ്പോൾ തുക 50 ലക്ഷത്തിനടുത്ത് വരും. സുൽത്താൻ ബത്തേരി, പുല്പള്ളി അടക്കം ജില്ലയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ചും കൊടുവള്ളി ഭാഗത്തും ചില്ലറവില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. മുമ്പും സമാനരീതിയില്‍ വലിയ അളവില്‍ ഇതേ സംഘം എം.ഡി.എം.എ കടത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുകയാണ്.
ഇവർ ജില്ലയിലെ എം.ഡി.എം.എയുടെ പ്രധാന മൊത്ത വിൽപ്പനക്കാരാണെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് പൊലീസ് കരുതുന്നത്. ജില്ലയില്‍ ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് സുൽത്താൻ ബത്തേരി പൊലീസ് നടത്തിയതെന്ന് ജില്ല പൊലീസ് മേധാവി ആര്. ആനന്ദ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് മുമ്പ് 106 ഗ്രാമാണ് പിടിച്ചെടുത്തതിൽ ഏറ്റവും വലുത്. ജില്ലയിലെ ചില കോളജുകളിലെ വിദ്യാർഥികൾ എം.ഡി.എം.എയുടെ പ്രധാന ഉപഭോക്താക്കളാണ്. ഈ വിവരം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് മേധാവി പറഞ്ഞു.
2022 ൽ 1300 ഓളം മയക്കുമരുന്ന് കേസുകൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതുകൊണ്ടാണ് മയക്കുമരുന്ന് കടത്തിന് ജില്ല കൂടുതൽ വേദിയാകുന്നതെന്ന് പൊലീസ് മേധാവി പറഞ്ഞു. മുത്തങ്ങ ഉൾപ്പെടെ അതിർത്തി ഭാഗങ്ങളിൽ പരിശോധന ഇനിയും കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.