പൂതാടി ചാതിക്കൊല്ലിക്ക് വേണം നല്ല നടപ്പാലം
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ ചാതിക്കൊല്ലിയിൽ നല്ല നടപ്പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. 2018ലെ പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലത്തിന് ഇളക്കം പറ്റുകയും പിന്നീട് അത് പൂർണമായി തകരുകയും ചെയ്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്.
അധികൃതർ കനിഞ്ഞാൽ എത്രയും പെട്ടെന്ന് ഇവിടെ നടപ്പാലം സാധ്യമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൂതാടി പഞ്ചായത്തിലെ 17ാം വാർഡിലാണ് അരിമുള, ചാതിക്കൊല്ലി പ്രദേശങ്ങൾ ഉൾപ്പെടുന്നത്. കാരാപ്പുഴ ഭാഗത്തുനിന്ന് എത്തുന്ന പുഴയാണ് അരിമുള, പൊന്നങ്കര വഴി പനമരം ഭാഗത്തേക്ക് പോകുന്നത്. കടുത്ത വേനലിലും വറ്റാത്ത പുഴ മഴക്കാലത്ത് രൗദ്രഭാവത്തിൽ ആകാറുണ്ട്.
അരിമുള വാണാറമ്പത്ത് കുന്നിൽനിന്ന് വരദൂർ ഭാഗത്തേക്ക് പൊന്നങ്കര വഴി വളരെ എളുപ്പമാണ്. നല്ല പാലത്തിന്റെ അഭാവത്തിൽ മറ്റു വഴികളിലൂടെ ചുറ്റി സഞ്ചരിക്കാൻ നാട്ടുകാർ നിർബന്ധിതരാവുകയാണ്. കോൺക്രീറ്റ് നടപ്പാലം പൂർണമായി തകർന്നതോടെ രണ്ടുവർഷം മുമ്പ് പരിസരവാസികൾ കവുങ്ങ് തടികൾകൊണ്ട് താൽക്കാലിക പാലം നിർമിക്കുകയായിരുന്നു.
ഇത്തവണത്തെ മഴയിൽ ഈ പാലം വെള്ളത്തിൽ മുങ്ങി. ഇതോടെ ബലക്ഷയവുമുണ്ടായി. കൃഷിയിടത്തിലേക്കും മറ്റാവശ്യങ്ങൾക്കും നാട്ടുകാർ ഈ പാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2018ലെ പ്രളയത്തിൽ ബലക്ഷയമുണ്ടായ കോൺക്രീറ്റ് നടപ്പാലം പിന്നെയും ഒന്നരവർഷംകൂടി നിന്നു.
ആ സമയത്ത് കൈവരിയില്ലാത്ത പാലത്തിലൂടെ സഞ്ചരിച്ച പ്രദേശവാസിയായ ആദിവാസി യുവാവ് പുഴയിൽ വീണു മരിച്ചു. പിന്നീട് നടപ്പാലത്തിനായി ശക്തമായ ആവശ്യമുയർന്നെങ്കിലും അധികൃതർ കനിഞ്ഞില്ല. അരിമുള പാലം കവലയിൽനിന്ന് തുടങ്ങുന്ന റോഡ് വാണാറമ്പത്തുകുന്ന് പിന്നിട്ട് പുഴയോരത്താണ് അവസാനിക്കുന്നത്. റോഡിന് 50 മീറ്റർ മാറിയാണ് ഇപ്പോൾ താൽക്കാലിക നടപ്പാലമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.