നെന്മേനിയിൽ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം ഇന്ന്
text_fieldsസുൽത്താൻ ബത്തേരി: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ നെന്മേനിയിൽ മുൻ ലോക്കൽ സെക്രട്ടറിയടക്കം ഇരുനൂറോളം പേർ സി.പി.ഐയിലേക്ക് കൂടുമാറുന്നു.
മുൻ ലോക്കൽ സെക്രട്ടറിയും 17 വർഷത്തോളം ഗ്രാമപഞ്ചയത്ത് അംഗവും മുൻ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എം.എം. ജോർജ്, ഡ്രൈവിങ് സ്കൂൾ ഓപറേറ്റേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപി ഐക്കര, മുൻ ബ്രാഞ്ച് സെക്രട്ടറിമാരായ പി. കുപ്പുസ്വാമി, പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലെ ഇരുനൂറോളം സി.പി.എം പ്രവർത്തകരാണ് സി.പി.ഐയിൽ ചേരുന്നത്.
ഞായറാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സ്വീകരണ യോഗം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര അടക്കം നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.നെന്മേനി സി.പി.എമ്മിലെ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ചില നേതാക്കളുടെയും ഏകാധിപത്യപരമായ നിലപാടുകളെ പാർട്ടിയിൽ ചോദ്യം ചെയ്യുന്ന പ്രവർത്തകരെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി സംഘടന ചുമതലകളിൽ നിന്നുൾപ്പെടെ മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചാണ് തങ്ങൾ സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേരുന്നതെന്ന് എം.എം. ജോർജ് പറഞ്ഞു. പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞ ഉടൻ നെന്മേനിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ട് സി.പി.ഐയിൽ ചേരുന്നത് സി.പി.എമ്മിന്റെ ഉന്നത നേതൃത്വത്തിലടക്കം ചർച്ചയായിട്ടുണ്ട്. കൂടുതൽ പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള നീക്കങ്ങളിലാണ് പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.