കരുതൽ മേഖല ഉപഗ്രഹ സർവേ: പ്രതിഷേധം കനക്കുന്നു
text_fieldsസുൽത്താൻ ബത്തേരി: കരുതൽ മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അവ്യക്തതയിലും ആശങ്കയിലും ജില്ലയിൽ പ്രതിഷേധം ശക്തമാക്കുന്നു. കരുതൽ മേഖല സർവേ റിപ്പോർട്ട് പൂർണമായി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും ചീരാൽ കർമസമിതിയുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് 2.30ന് പ്രത്യേക ഗ്രാമസഭ നടക്കും. ചീരാൽ ടൗൺ സ്ക്വയറിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മാപ്പിങ്ങിൽ ഉൾപ്പെടാത്ത കെട്ടിടയുടമകൾക്ക് പരാതി നൽകാൻ സഹായിക്കാൻ ചീരാൽ, കുടുക്കി, നമ്പിക്കൊല്ലി എന്നിവിടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ തുറക്കും. കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ വീടുകളിൽ ഫോമെത്തിച്ച് പൂരിപ്പിച്ച് വാങ്ങി അതും ഇ- മെയിലായി അയക്കും. ഇതിനൊപ്പം തന്നെ സർവേ പൂർണമായി തള്ളിക്കളയണമെന്ന ആവശ്യമുയർത്തി സർക്കാറിൽ സമ്മർദമുയർത്തും. ആവശ്യമെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും കരുതൽ മേഖലയാക്കാനുള്ള നീക്കത്തെ സർവശക്തിയുമുപയോഗിച്ച് ചെറുത്ത് തോൽപിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടിജി ചെറുതോട്ടിൽ, ജയ മുരളി, പ്രസന്ന ശശീന്ദ്രൻ, വി.ടി. ബേബി, അജയൻ മുണ്ടക്കൊല്ലി, അഫ്സൽ ചീരാൽ, കെ.വി. കൃഷ്ണൻകുട്ടി, ബിജു ഇടയനാൽ, കെ.ആർ. സാജൻ, എം.എസ്. ഫെബിൻ, മുനീബ് ചീരാൽ, ഗോപാല കൃഷ്ണൻ, ഓമനക്കുട്ടൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു.
പ്രക്ഷോഭത്തിനൊരുങ്ങി കർഷക കോൺഗ്രസ്
കല്‍പറ്റ: കരുതൽ മേഖല വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ട കേരള സര്‍ക്കാര്‍ നടപടി കടുത്ത കര്‍ഷക വഞ്ചനയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആരോപിച്ചു. കരുതൽ മേഖല പരിധിയിൽപെടുന്ന ജനവാസ കേന്ദ്രങ്ങള്‍ കൃത്യമായി വ്യക്തമാക്കാതെ പുറത്തുവിട്ട ഉപഗ്രഹ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആക്ഷേപം ഓരോ വ്യക്തിയും നേരിട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെടുന്നത് തന്നെ കര്‍ഷക കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയില്ല.
രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ഈ വിഷയത്തില്‍ വ്യാപക ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടും നാളിതുവരെ കര്‍ഷകരെ സമീപിച്ച് തെളിവെടുപ്പ് നടത്താനോ ഭൂതല സര്‍വേ നടത്താനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് സര്‍ക്കാറിന്റെ അനാസ്ഥ മാത്രമല്ല ഗൗരവകരമായ കൃത്യവിലോപം കൂടിയാണ്. ഇതിനെതിരെ ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കര്‍ഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ഭാരവാഹി യോഗം തീരുമാനിച്ചു.
ഡി.സി.സി. പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ് വി.എന്‍. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എം. ബെന്നി, കെ.എം. കുര്യാക്കോസ്, ഒ.വി. അപ്പച്ചന്‍, നാരായണ വാര്യര്‍, വിജയന്‍ തോമ്പ്രാന്‍കുടി, ബൈജു ചാക്കോ, ജോണ്‍ കെ.ജെ, റീന ജോര്‍ജ്, ഇ.വി. അബ്രഹാം, ഷാജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.