കരുതൽ മേഖല; ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ സമരമെന്ന് ഐ.എൻ.ടി.യു.സി
text_fieldsസുൽത്താൻ ബത്തേരി: നൂൽപുഴ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും കരുതൽ മേഖലയിൽ ഉൾപ്പെടുന്നത് കർഷകർക്കും തൊഴിലാളികൾക്കും വലിയ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്നും ഐ.എൻ.ടി.യു.സി പഞ്ചായത്ത് സമ്മേളനം വ്യക്തമാക്കി.
കാടും നാടും വേർതിരിച്ച് വന്യമൃഗങ്ങളിൽ നിന്ന് കൃഷിയും ജീവനും സംരക്ഷിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. നൂൽപുഴ പഞ്ചയത്ത് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ടി.ജി. വിജയൻ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ശ്രീനിവാസൻ തൊവരിമല, സി.എ. ഗോപി, ജീനി, ബെന്നി കൈന്നിക്കൽ, ജോയി വടക്കനാട്, രാമചന്ദ്രൻ കൊട്ടനാട്, പി.വി. ഐസക്ക്, അനീഷ് പീലാക്കാവ്, ഒമന, പങ്കജം, ജയരാജൻ എന്നിവർ സംസാരിച്ചു. എ.കെ. ഗോപിനാഥൻ സ്വാഗതവും കെ.ഡി. ഷാജു നന്ദിയും പറഞ്ഞു.
മാനന്തവാടി നഗരസഭയിൽ സർവേ ആരംഭിച്ചു
മാനന്തവാടി: കരുതൽ മേഖല വിവര ശേഖരണാർഥം വീടുകളുടെയും കെട്ടിടങ്ങളുടെയും സർവേ നടപടികൾ മാനന്തവാടി നഗരസഭയിൽ ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ നാലു ഡിവിഷനുകളിലാണ് സർവേ നടത്തുന്നത്. കരുതൽ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കുന്നതിനും ഉപഗ്രഹ സർവേയിലെ അപാകതകൾ അധികൃതരിലേക്ക് എത്തിക്കുന്നതിനുമാണ് സർവേ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
നഗരസഭ പരിധിയിൽ കരുതൽ മേഖല ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന പയ്യമ്പള്ളി വില്ലേജിലെ ബ്ലോക്ക് 27ൽ ഉൾപ്പെട്ട കുറുക്കൻമൂല, കാടൻക്കൊല്ലി, കുറുവ ,പയ്യമ്പള്ളി ഡിവിഷനുകളിലാണ് സർവേ. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ഏന്യുമറേറ്റർമാർക്ക് പരിശീലനവും നൽകുന്നുണ്ട്.
വീടുകളിലെ സർവേ നമ്പർ, ബ്ലോക്ക് നമ്പർ, ആസ്തി വിവരങ്ങൾ എന്നിവ ശേഖരിച്ച് വനംവകുപ്പിന് കൈമാറും. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ആലിസ് സിസിൽ, നഗരസഭ, വനം, റവന്യു ജിവനക്കാർ, സബ് കമ്മിറ്റി അംഗങ്ങൾ, പരിശീലനം നേടിയ ഏന്യുമറേറ്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ.
അതേ സമയം ജിയോടാഗ് സംവിധാനത്തിനായുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയർമെന്റ് സെന്ററിന്റെ സർവർ തകരാറിലാകുന്നത് നടപടികളെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.